മാധ്യമപ്രവര്‍ത്തകയ്ക്ക് വധഭീഷണി, അശ്ലീല സന്ദേശം; ശ്രീരാമ സേന- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പിടിയിലായത് കണ്ണൂര്‍, തിരുവനന്തപുരം സ്വദേശികള്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ ശ്രീരാമ സേന- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കണ്ണൂര്‍ ധര്‍മടത്ത് മൂന്നുപേരും തിരുവനന്തപുരം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലായി ഒരാള്‍ വീതവുമാണ് പിടിയിലായത്.

ശ്രീരാമ സേന പ്രവര്‍ത്തകരായ കണ്ണൂര്‍ ധര്‍മടത്ത് കിഴക്കെ പാലയാട്ടെ കോളോത്തുങ്കണ്ടി ഷിജിന്‍ (28), തുലാമ്പറമ്പത്ത് വികാസ് (31), കയ്യാലിയിലെ തുയ്യത്തു ഹൗസില്‍ വിഭാസ് (25), ആര്‍എസ്എസ് പ്രവര്‍ത്തകരായ തിരുവനന്തപുരത്ത് പാലോട് ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ രാരിഷ് (20) ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂര്‍ ചിറയത്ത് രാമദാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാന്‍ കന്റോണ്‍മെന്റ് പൊലീസ് തിങ്കളാഴ്ച യാത്രതിരിച്ചു.

വധഭീഷണി, സ്ത്രീകള്‍ക്കെതിരായ മോശമായ പ്രചരണം തുടങ്ങി വകുപ്പുകള്‍ പ്രകാരം കന്റോമെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഘധ്വനിയെന്ന വാട്‌സ് ആപ്പ് ഗ്രൂപ്പു വഴിയാണ് സിന്ധുവിനെതിരായ ഭീഷണി സന്ദേശവും നമ്പറും പ്രചരിപ്പിച്ചതെന്ന പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാരിഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 26ന് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറില്‍ നടന്ന ചര്‍ച്ചയുടെ പേരിലാണ് സിന്ധുവിനുനേരെ വധഭീഷണി മുഴക്കിയത്. ‘വിശ്വാസത്തിന് വിലയിടുന്നുവോ’ എന്നതായിരുന്നു ചര്‍ച്ച. ഫോണിലൂടെ നേരിട്ട് വിളിച്ചും ഫേസ്ബുക്ക്, വാട്‌സ് ആപ് എന്നിവ വഴിയുമാണ് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് സിന്ധു സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാറിന് പരാതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here