സംവിധായകന്‍ രാജേഷ് പിള്ളയുടെ മരണം പെപ്‌സിയുടെയോ ജങ്ക് ഫുഡിന്റെയോ അമിത ഉപയോഗം മൂലമല്ലെന്ന് സുഹൃത്തും ഡോക്ടറുമായ റോണി ഡേവിഡ്. രാജേഷ് ദിവസവും മുപ്പതു കുപ്പി പെപ്‌സി കുടിക്കുമെന്ന സോഷ്യല്‍മീഡിയ പ്രചരണം അടിസ്ഥാനരഹിതമാണെന്നും അത്രയും കുപ്പി കുടിക്കാന്‍ മാത്രം വിഡ്ഢിയല്ല രാജേഷെന്നും റോണി പറഞ്ഞു.
30 കുപ്പി എന്നത് ഏഴര ലിറ്ററോളം വരുമെന്നും അത്രയും പെപ്‌സി കുടിക്കാന്‍ ഒരാള്‍ക്ക് ബുദ്ധിമുട്ടാണെന്നും അദ്ദേഹം ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭക്ഷണപ്രിയനായിരുന്നു രാജേഷ് പിള്ളയെന്നും കൃത്യമായി വ്യായാമം ചെയ്യാറില്ലായിരുന്നുവെന്നും എങ്കിലും ചികിത്സിച്ച് മാറ്റാവുന്ന രോഗമായിരുന്നു രാജേഷിന്റേതെന്നും റോണി പറഞ്ഞു.
മരണകാരണം ലിവര്‍ സിറോസിസാണെന്നും അത് പാരമ്പര്യമായി വന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജേഷിന്റെ അമ്മയും ഇതേ രോഗം വന്നാണ് മരിച്ചത്. സിനിമയോടുള്ള അഭിനിവേശവും ആത്മാര്‍ത്ഥതയും കാരണം കൃത്യസമയത്ത് ചികിത്സ നടത്താന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നില്ല. കൃത്യ സമയത്ത് ചികിത്സ ഉറപ്പാക്കിയിരുന്നെങ്കില്‍ ജീവന്‍ നഷ്ടമാകില്ലായിരുന്നു. പലപ്പോഴും സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചിട്ടാണ് അദ്ദേഹം ആശുപത്രിയില്‍ പോയിരുന്നതെന്നും റോണി പറയുന്നു.
‘വേട്ട’ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അല്‍പം നീട്ടിവച്ചിരുന്നെങ്കില്‍ കുറേയേറെ നല്ല ചിത്രങ്ങള്‍ ചെയ്യാന്‍ രാജേഷ് പിള്ള ഇവിടെ ഉണ്ടാകുമായിരുന്നെന്നും റോണി അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here