പുനെ: സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ ഹോട്ടലില്‍ കൊണ്ടുപോയി മയക്കുപാനീയം നല്‍കി ബോധരഹിതയാക്കി കൂട്ടുകാരിയുടെ വീട്ടിലെത്തിച്ചു ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായവരില്‍ മലയാളിയും. കഴിഞ്ഞദിവസമാണ് പുനെയിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇരുപത്തിനാലുകാരിയെ സഹപ്രവര്‍ത്തകന്‍ കൂട്ടിക്കൊണ്ടുവന്നു മയക്കിയശേഷം സുഹൃത്തുക്കളുമൊന്നിച്ചു ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ സൗകര്യമൊരുക്കിക്കൊടുത്ത യുവതിയും അറസ്റ്റിലായിട്ടുണ്ട്.

ഡെറാഡൂണ്‍ സ്വദേശിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ സഹിയാസഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയെ ഹോട്ടലില്‍ കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്നു കലര്‍ത്തിയ ഐസ് ടീ നല്‍കി ബോധം കെടുത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കളെയും കൂട്ടി യുവതിയായ സുഹൃത്തിന്റെ ഫ്‌ളാറ്റിലെത്തിച്ചു ബലാത്സംഗംല ചെയ്യുകയായിരുന്നു. ആനന്ദ് പ്രഹ്‌ളാദാ(26)ണ് അറസ്റ്റിലായ മലയാളി. ഉത്തര്‍പ്രദേശ് സ്വദേശി ദീപ്താഷു ഗുപ്ത (26), ഛത്തീസ്ഗഡ് സ്വദേശിയായ ദേവവ്രത് ദുബേ (27) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. അറസ്റ്റിലായ യുവതിയുടെ പേരു വെളിപ്പെടുത്തിയിട്ടില്ല. ഇവര്‍ക്കെതിരെ ബലാല്‍സംഗം, തടങ്കലില്‍ വയ്ക്കുക, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

മഹാരാഷ്ട്രയിലെ യേര്‍വാഡ സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. അബോധാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. യുവതിയെ പിന്നീട് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ആശുപത്രി അധികൃതര്‍ ബലാല്‍സംഗം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഇവര്‍ ജോലി ചെയ്യുന്ന കമ്പനി ജീവനക്കാര്‍ക്കായി ശനിയാഴ്ച രാത്രി ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. പീഡനത്തിനിരയായ യുവതിക്കൊപ്പം അവരുടെ കാറില്‍ യാത്ര ചെയ്തിരുന്ന സഹി പെണ്‍കുട്ടിയെ ചായ കുടിക്കാന്‍ റസ്റ്റോറന്റിലേക്ക് ക്ഷണിച്ചു. അങ്ങനെ ഇരുവരും മുന്ദ്വയിലുള്ള റസ്റ്റോറന്റിലെത്തി. അവിടെ നിന്ന് യുവാവ് അയാള്‍ക്ക് ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്യുകയും യുവതിക്ക് ഐസ് ടീയും പറഞ്ഞു. രണ്ടു കപ്പ് ഐസ് ടീയാണ് യുവതി കുടിച്ചത്. ഇതില്‍ മയക്കുമരുന്നു ചേര്‍ത്തിരുന്നു. ഇതേതുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെയും കൂട്ടി ഇയാള്‍ കാറോടിച്ച് അപ്പാര്‍ട്ട്മെന്റിലേക്ക് പോകുകയായിരുന്നു. അവിടെ വച്ചാണ് നാലുപേരും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്. അടിവയറ്റില്‍ വേദന അസഹനീയമായതിനെ തുടര്‍ന്ന് സംശയിച്ച മാതാപിതാക്കളാണ് പരാതി കൊടുപ്പിച്ചത്. റസ്റ്റോന്റിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുകയാണ്.