തിരൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ തുടക്കമായി. രാവിലെ രോഹിത് വെമുല നഗറില്‍ സംസ്ഥാന പ്രസിഡന്റ് ടിവി രാജേഷ് പതാകയുയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായത്. ചലച്ചിത്രസംവിധായകന്‍ രഞ്ജിത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് ഡിവൈഎഫ്‌ഐയില്‍ മാത്രമാണ് ഇപ്പോള്‍ പ്രതീക്ഷയെന്ന് രഞ്ജിത് പറഞ്ഞു. നാക്കും നാക്കിന്റെ ഉടമയെയും കൊന്നു കളഞ്ഞാല്‍ എല്ലാം അവസാനിക്കുമെന്ന് കരുതുന്നത് വെറുതെയാണ്. ജനങ്ങളുടെ പ്രതീക്ഷ യുവാക്കളിലാണെന്നും രഞ്ജിത് പറഞ്ഞു.
ടിവി രാജേഷിന്റെ താത്കാലിക അധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനത്തിന് പി ശ്രീരാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു ശേഷം ആരംഭിച്ച പ്രതിനിധി സമ്മേളനം ഇപ്പോഴും തുടരുകയാണ്. ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി സംഘടനാ റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി എം സ്വരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെഎസ് സനല്‍കുമാര്‍ കണക്കും അവതരിപ്പിച്ചു. ഉച്ചതിരിഞ്ഞ് പ്രതിനിധികള്‍ റിപ്പോര്‍ട്ടിന്‍മേല്‍ ഗ്രൂപ്പുതിരിഞ്ഞ് ചര്‍ച്ച നടത്തി. ബുധനാഴ്ച പൊതുചര്‍ച്ച നടക്കും.
ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന ഒഎന്‍വി സംഗമം എംഎ ബേബി ഉദ്ഘാടനം ചെയ്യും. പ്രഭാ വര്‍മ, റഫീക് അഹമ്മദ്, ആലംകോട് ലീലാ കൃഷ്ണന്‍, വിടി സോഫിയ, എം സ്വരാജ് എന്നിവര്‍ പങ്കെടുക്കും. പതാകജാഥയും കൊടിമരജാഥയും ദീപശിഖയും ഇന്നലെ തന്നെ സമ്മേളന നഗരിയില്‍ എത്തിച്ചിരുന്നു. നാദാപുരത്തെ ഷിബിന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നാണ് പതാകജാഥ എത്തിച്ചത്. കൊടിമരജാഥ ഗുരുവായൂര്‍ സത്യാഗ്രഹ നഗറില്‍ നിന്നും ദീപശിഖ സഖാവ് സെയ്താലിയുടെ ജന്‍മനാട്ടില്‍ നിന്നും എത്തിച്ചു.
Get real time update about this post categories directly on your device, subscribe now.
Discussion about this post