മാംഗളൂര്‍: നിരന്തരമുള്ള പവര്‍കട്ടിനെ കുറിച്ച് വൈദ്യുതി മന്ത്രിയോടു പരാതി പറയാന്‍ വിളിച്ചയാള്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്തു. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. സുല്ലിയയില്‍ ചെറുകിട കച്ചവടങ്ങളുമായി കഴിയുന്ന സായ് ഗിരിധര്‍ റായിയാണ് കുടുങ്ങിയത്. ഭീഷണിപ്പെടുത്തുക, സമാധാനം തകര്‍ക്കാനുള്ള മനഃപൂര്‍വമായ ശ്രമം, പൊതുപ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കര്‍ണാടക വൈദ്യുതി മന്ത്രി ഡി.കെ ശിവകുമാറിനെയാണ് ഇയാള്‍ പരാതി പറയാന്‍ വിളിച്ചത്.
വൈദ്യുതി വിതരണത്തിലെ താളപ്പിഴകളെ പറ്റി പരാതി പറയാനാണ് സായ് ഗിരിധര്‍ റായ് മന്ത്രിയെ വിളിച്ചത്. ഞായറാഴ്ചയാണ് ഇയാള്‍ മന്ത്രിയെ വിളിച്ചത്. ഫോണെടുത്ത മന്ത്രി ഗിരിധറിനെ ചീത്ത വിളിക്കാന്‍ തുടങ്ങി. വൈകാതെ സംഭാഷണം അതിരൂക്ഷമായ വാഗ്വാദത്തിലേക്ക് നീങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷം ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ലോക്കല്‍ പൊലീസിനു നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍, ഗിരിധര്‍ തന്നെ ചീത്ത വിളിച്ചതിനാലാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് മന്ത്രിയുടെ വിശദീകരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here