ഏഷ്യാകപ്പ് ട്വന്റി – 20യില്‍ ഇന്ത്യ ഫൈനലില്‍; ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്തു

മിര്‍പൂര്‍: ബംഗ്ലാദേശില്‍ നടക്കുന്ന ഏഷ്യാ കപ്പ് ട്വന്റി – 20 ടൂര്‍ണമെന്റില്‍ ഇന്ത്യ ഫെനലില്‍. ലീഗ് മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ശ്രീലങ്ക ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റും നാല് പന്തും ശേഷിക്കെ ഇന്ത്യ മറികടന്നു. 19.2 ഓവറില്‍ ഇന്ത്യ 142 റണ്‍സ് നേടി.

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ 20 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. ചമര കപുഗധീര (30), മിലിന്ദ സിരിവര്‍ദ്ധന (22), ആഞ്ചലോ മാത്യൂസ് (18), തീസര പെരേര (17) എന്നിവരുടെ ഭേദപ്പെട്ട പ്രകടനമാണ് ലങ്കയെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. സ്‌കോര്‍ ആറില്‍ നില്‍ക്കെ നാല് റണ്‍സെടുത്ത് ഓപ്പണര്‍ ദിനേശ് ചാന്ദിമല്‍ മടങ്ങി.

ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി. ഇതാണ് വലിയ സ്‌കോറില്‍ നിന്ന് ലങ്കയെ അകറ്റിയത്. ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, രവിചന്ദ്ര അശ്വിന്‍ തുടങ്ങിയവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. ആശിഷ് നെഹ്‌റ ഒരു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് വിജയം സമ്മാനിച്ചത് വിരാട് കോഹ് ലിയുടെ അര്‍ദ്ധ സെഞ്ച്വറിയാണ്. കോഹ്‌ലി 56 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 35 റണ്‍സെടുത്ത യുവരാജ് സിംഗ് കോഹ്‌ലിയ്ക്ക് മികച്ച പിന്തുണ നല്‍കി. സുരേഷ് റെയ്‌ന 25 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍ സ്വന്തം സ്‌കോര്‍ ഒന്നില്‍ നില്‍ക്കെ പവലിയനിലേക്ക് മടങ്ങി.

ലങ്കന്‍ നിരയില്‍ നുവാന്‍ കുലശേഖര രണ്ട് വിക്കറ്റ് വീഴ്ത്തി. തീസര പെരേര, രങ്കണ ഹെറാത്ത്, ദസുന്‍ ഷനക എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യന്‍ വിജയത്തിന്റെ നെടുംതൂണായ വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദ മാച്ച്. അടുത്ത മത്സരത്തില്‍ ബംഗ്ലാദേശ് പാകിസ്താനെ നേരിടും. വ്യഴാഴ്ച യുഎഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here