ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. കനയ്യക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റത്തിന്റെ നിയമസാധുത വാദത്തിനിടെ ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കനയ്യക്ക് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍.
ജാമ്യം നേടി കനയ്യ ക്യാമ്പസില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ജെഎന്‍യു. തീഹാര്‍ ജയിലില്‍ നിന്നും തിരിച്ചെത്തുന്ന സഹപാഠിക്കായി വിദ്യാര്‍ത്ഥികള്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ കാത്തിരിപ്പിലാണ്. ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ഥി രോഹിത്ത് വെമുലയുടെ നീതിക്കായി പോരാടിയ കന്‍യ്യക്കായി ‘രോഹിത്ത് കാ ജെഎന്‍യു’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സ്വാഗതം എഴുതിയിരിക്കുന്നത്. കനയ്യക്ക് പിന്തുണ നല്‍കി ‘പോരാട്ടം തുടരൂ, ഞങ്ങള്‍ നിനക്കൊപ്പം’ എന്നുള്ള സന്ദേശങ്ങള്‍ എഴുതിയ കത്തുകളും ജെഎന്‍യു അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ചിട്ടുണ്ട്. വ്യാജ തെളിവുകളിലെ പൊലീസ് നടപടി നിലനില്‍ക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.
അതേസമയം, കനയ്യക്കായി ജെഎന്‍യു മാത്രമല്ല, ബിഹാറിലെ ബിഹാട്ട് ഗ്രാമം മുഴുവന്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണെന്ന് കന്‍യ്യയുടെ സഹോദരന്‍ പറഞ്ഞു.
സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വിദേശ സര്‍വ്വകലാശാലകള്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും പ്രമുഖരുടെ പ്രതികരണങ്ങളും സമരപന്തലിന് മുന്നിലുണ്ട്. കനയ്യ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന് പൊലീസ് ആരോപിച്ച അതേവേദിക്ക് മുന്നിലാണ് വിദ്യാര്‍ത്ഥികളുടെ നിലയക്കാത്ത പ്രതിഷേധ സ്വരങ്ങള്‍ കാത്തിരിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.