ട്രക്കിടിച്ചു റോഡില്‍ രണ്ടായി പിളര്‍ന്നു കിടന്നപ്പോഴും കണ്ണുകള്‍ ദാനം ചെയ്യാന്‍ വിളിച്ചു പറഞ്ഞ ഹരീഷിന് ജന്മനാടിന്റെ ആദരം; ഗ്രാമവാസികളെല്ലാം അവയവദാനത്തിന്

ബംഗളൂരു: ഹരീഷ് നഞ്ചപ്പയുടെ ആ വിളിച്ചു പറയല്‍ ഒരു പ്രചോദനമാകുകയായിരുന്നു. ഒരു ഗ്രാമത്തിന് ഒന്നടങ്കം. ട്രക്കിടിച്ചു രണ്ടായി പിളര്‍ന്ന് റോഡില്‍ കിടന്നപ്പോഴും കണ്ണുകള്‍ ദാനം ചെയ്യാന്‍ വിളിച്ചു പറഞ്ഞ ഹരീഷിന് ആദരമായി അവയവദാനത്തിന് സമ്മതം മൂളിയിരിക്കുകയാണ് തുംകൂരിലെ കേരിദൗഗണഹള്ളി ഗ്രാമം ഒന്നടങ്കം. 170 ഗ്രാമവാസികളാണ് കഴിഞ്ഞ ദിവസം അവയദാനത്തിന് സമ്മതപത്രം ഒപ്പിട്ടു നല്‍കിയത്. 11 വയസ്സുള്ള ഒരു ബാലന്‍ അടക്കം സമ്മതപത്രം ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. നാരായണ നേത്രാലയ എന്ന സംഘടനയ്ക്കാണ് ഗ്രാമവാസികള്‍ സമ്മതപത്രം ഒപ്പിട്ടു നല്‍കിയത്.

ഇതിനെകുറിച്ച് നേത്രാലയ ചെയര്‍മാന്‍ ഡോ. ഭുജംഗ് ഷെട്ടി പറയുന്നത് ഇങ്ങനെ. ഞായറാഴ്ച രാവിലെ ഞങ്ങള്‍ക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. ഒരു അവയവദാന ചടങ്ങ് അവിടെ നടക്കുന്നുണ്ട്. ഹരീഷിന്റെ 11-ാമത് മരണാനന്തര ദിവസത്തോട് അനുബന്ധിച്ചാണ് ചടങ്ങെന്നും വിളിച്ച ഗ്രാമവാസി അറിയിച്ചു. നിരവധിയാളുകള്‍ കണ്ണുകള്‍ ദാനം ചെയ്യാന്‍ തയ്യാറാണെന്നും സംഘടനയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ഗ്രാമവാസികള്‍ അറിയിച്ചതായും ഡോക്ടര്‍ ഭുജംഗ് പറയുന്നു. അവയവദാനത്തെ കുറിച്ച് ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കുള്ള തെറ്റിദ്ധാരണകള്‍ക്ക് വിപരീതമായി 11 കാരന്‍ മുതല്‍ 82 കാരന്‍ വരെയുള്ള ജനത ഒന്നടങ്കം അവയവദാനത്തിന് സമ്മതപത്രം നല്‍കിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഡോ.ഷെട്ടി പറയുന്നു.

കേരിദൗഗണഹള്ളി ഗ്രാമത്തിലെ ജനസംഖ്യയുടെ പകുതിയില്‍ അധികം പേരും സമ്മതപത്രം ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. ആകെ 300 പേരോളം ആ ഗ്രാമത്തില്‍ താമസിക്കുന്നുണ്ട്. ഇതില്‍ 170 പേരും സമ്മതപത്രം നല്‍കി. ഹരീഷിന്റെ അമ്മയും ഇതില്‍ ഉള്‍പ്പെടുന്നു. ഭൊമ്മേഷ് ആണ് സമ്മതപത്രം നല്‍കിയതിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍. 11 വയസ്. ഇത് തങ്ങളുടെ വിജയം എന്നതിലുപരി ഹരീഷിന്റെ വിജയമാണെന്നും ഡോ. ഷെട്ടി പറഞ്ഞു. ഹരീഷിനെ കൊണ്ടു മാത്രമാണ് ഇക്കാര്യം സാധിച്ചത്.

എന്തെല്ലാം ചെയ്യണം എന്നതു സംബന്ധിച്ച് ഒരു ഡോക്ടര്‍ ഗ്രാമവാസികള്‍ക്ക് എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു പുറമേ അടുത്ത 150 പേര്‍ കൂടി വൈകാതെ തന്നെ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷ. ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് ട്രക്കിനടിയില്‍ പെട്ട് ഹരീഷ് എന്ന 24കാരന്‍ മരിച്ചത്. മരിക്കുന്നതിനു മുമ്പും തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന് ഹരീഷ് വിളിച്ചു പറയുന്നുണ്ടായിരുന്നു. ആംബുലന്‍സ് ഡ്രൈവറോടാണ് ഹരീഷ് ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News