ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തി; ഇന്തോനേഷ്യയിലും ഓസ്‌ട്രേലിയയിലും സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്തോനേഷ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സമുദ്രോപരിതലത്തില്‍ നിന്നും 600 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അഭിപ്രായപ്പെട്ടു. എന്നാല്‍, നിലവില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഭൂചലനത്തിന്റെ ശക്തിയും ആഴവും കണക്കിലെടുത്ത് ഇന്തോനേഷ്യയിലും ഓസ്‌ട്രേലിയയിലും അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, എവിടെയെങ്കിലും സുനാമി രൂപപ്പെട്ടതായി അറിവില്ലെന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു. പെര്‍ത്തിലും ക്രിസ്മസ്, കോകോസ് ദ്വീപുകളിലുമാണ് ഓസ്‌ട്രേലിയ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. പടിഞ്ഞാറന്‍ സുമാത്ര, വടക്കന്‍ സുമാത്ര എന്നിവിടങ്ങളിലാണ് ഇന്തോനേഷ്യ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

പ്രാദേശിക സമയം ഉച്ചയ്ക്ക് 12.49ഓടു കൂടിയാണ് ഭൂചലനം അനുഭവപ്പെട്ടത്. കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. ചലനം അനുഭവപ്പെട്ടതോടെ ആളുകള്‍ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2004-ല്‍ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഭൂചലനം സുനാമിക്ക് കാരണമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel