മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകള്‍ക്ക് പ്രവര്‍ത്തനം തുടരാമെന്ന് സുപ്രീംകോടതി; സിസിടിവി വഴി നിരീക്ഷണം അനുവദിക്കാനാവില്ലെന്നും കോടതി

ദില്ലി: മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകള്‍ക്ക് പ്രവര്‍ത്തനം തുടരാമെന്ന് സുപ്രീംകോടതി. ഡാന്‍സ് ബാറുകളില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതുവഴി നിയന്ത്രണം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും കോടതി തടഞ്ഞു. ഡാന്‍സ് ബാറുകളുടെ അകത്തളങ്ങളില്‍ സിസിടിവി സ്ഥാപിക്കേണ്ടതില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. ഡാന്‍സ് ബാറുകള്‍ നിയന്ത്രിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഏറ്റ വന്‍തിരിച്ചടിയാണ് സുപ്രീംകോടതി വിധി.

ലൈസന്‍സ് പുതുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നീക്കം ചോദ്യം ചെയ്ത് ഡാന്‍സ് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. ഡാന്‍സ് നടക്കുന്ന ഇടത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കേണ്ടതില്ല. എന്നാല്‍ ഡാന്‍സ് ബാറുകളിലേക്ക് ആരൊക്കെയാണ് കടന്നുവരുന്നത് എന്നത് നിരീക്ഷിക്കാന്‍ വാതിലുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണം.

എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മറ്റ് നിബന്ധനകള്‍ പാലിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ഇത് മൂന്ന് ദിവസത്തിനകം നടപ്പാക്കണം എന്നും ഉത്തരവില്‍ പറയുന്നു. ജസ്റ്റിസുമാരായ ദിപക് മിശ്ര, ശിവ കിര്‍തി സിംഗ് എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി.

ഡാന്‍സ് ബാറുകളില്‍ അശ്ലീലതയാണ് നിറഞ്ഞിരുന്നത്. ഇത് സര്‍ക്കാരിന് അംഗീകരിക്കാനാവില്ല. പരിഹാരമാര്‍ഗ്ഗം തേടി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു. ഡാന്‍സ് ബാറുകളുടെ കവാടങ്ങളില്‍ സിസിടിവി ആകാമെന്ന ഉത്തരവ് സുപ്രീംകോടതി ശരിവെച്ചതായും ഫഡ്‌നാവിസ് പ്രതികരിച്ചു. ചില മാറ്റങ്ങളോടെ സര്‍ക്കാര്‍ നിര്‍ദ്ദേശം സുപ്രീംകോടതി അംഗീകരിച്ചുവെന്നും ഫഡ്‌നാവിസിന്റെ ട്വീറ്റില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News