അഴിമതിയും ആര്‍ത്തിയും നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യം സമ്പൂര്‍ണ നാശത്തിലേക്കു നീങ്ങുമെന്ന് ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ; ‘നവജ്യോതിശ്രീ കരുണാകരഗുരു ജിവചരിത്ര സംഗ്രഹം’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: അഴിമതിയും ആര്‍ത്തിയും നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യം സമ്പൂര്‍ണ നാശത്തിലേക്കു നീങ്ങുമെന്ന് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ജസ്റ്റിസ് എന്‍. സന്തോഷ് ഹെഗ്‌ഡെ. പൂര്‍വികര്‍ പകര്‍ന്നു നല്കിയ ധാര്‍മ്മിക മൂല്യങ്ങള്‍ നമുക്കു നഷ്ടപ്പെട്ടിരിക്കുകയാണെന്നും ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി രചിച്ച ‘നവജ്യോതിശ്രീ കരുണാകരഗുരു ജിവചരിത്ര സംഗ്രഹം’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിയും ആര്‍ത്തിയും രാജ്യത്തിന്റെ മുഴുവന്‍ മേഖലയെയും വിഴുങ്ങുകയാണെന്ന് ജസ്റ്റിസ് ഹെഗ്‌ഡെ പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്ക് ഉത്തരവാദിത്വമില്ലാതാകുമ്പോള്‍ രാജ്യം എങ്ങനെ വികസിക്കുമെന്നും കേസുകള്‍ തീര്‍പ്പാക്കാന്‍ പത്തും പതിനഞ്ചും വര്‍ഷങ്ങള്‍ എടുക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് എങ്ങനെ നീതി ലഭിക്കുമെന്നും റിട്ട. ജസ്റ്റിസ് ചോദിച്ചു. മാധ്യമ മേഖലയില്‍ പെയ്ഡ് ന്യൂസ് സംസ്‌കാരം വളരുകയാണ്. ശവം വിട്ടുകൊടുക്കാന്‍പോലും കൈക്കൂലി ചോദിക്കുന്ന ഡോക്ടര്‍മാരുള്ള നാടാണ് ഇന്ത്യയെന്നും ജസ്റ്റിസ് ഹെഗ്‌ഡെ പറഞ്ഞു.

നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ ബാല്യകാലം മുതല്‍ ആദിസങ്കല്പ ലയനം വരെയുള്ള കാര്യങ്ങള്‍ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടന്ന പ്രകാശനചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയില്‍നിന്നും ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ പുസ്തകം ഏറ്റുവാങ്ങി. രാഷ്ട്രീയ, സാമൂഹിക, ആധ്യാത്മിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെയും പൊതുജനങ്ങളുടെയും നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി പുസ്തകപ്രകാശന ചടങ്ങ്.

കാലത്തെ ആതിജീവിക്കുന്ന ആത്മീയതയുടെ വെണ്മ നിറഞ്ഞുനില്‍ക്കുന്ന ശാന്തിഗിരിയിലെ ഗുരുവിന്റെ സംപ്ഷിപ്ത ചരിത്രം എല്ലാ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തേണ്ടതാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി പറഞ്ഞു. ഗുരുവിനെക്കുറിച്ച് അറിയേണ്ടതെല്ലാം ചേര്‍ത്തുവച്ച ഗ്രന്ഥമാണിതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഗുരുസന്ദേശങ്ങള്‍ തികച്ചും ലളിതമായാണ് ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രമുഖ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ പുസ്തകം പരിചയപ്പെടുത്തി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ എം.ആര്‍. തമ്പാന്‍ അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, മുന്‍മന്ത്രി എം വിജയകുമാര്‍, മുന്‍ മേയര്‍ അഡ്വ. കെ ചന്ദ്രിക, കെല്‍ട്രോണ്‍ ചെയര്‍മാന്‍ ജേക്കബ് പുന്നൂസ്, മാതൃഭൂമി ബ്യൂറോചീഫ് ജി ശേഖരന്‍ നായര്‍, സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ്, സംവിധായകന്‍ കെ മധുപാല്‍, മലയാളം മിഷന്‍ എഡിറ്റര്‍ എം ചന്ദ്രപ്രകാശ്, ഛായാഗ്രാഹന്‍ എസ് കുമാര്‍, ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം കരമന ജയന്‍, കലാമണ്ഡലം സത്യഭാമ, സിന്ദൂരം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സബീര്‍ തിരുമല, മണക്കാട് രാമചന്ദ്രന്‍, സുരേഷ് തമ്പി, ടി ശശിമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News