കനയ്യ കുമാര്‍ ഇന്ന് മോചിതനാകും; രാജ്യദ്രോഹകുറ്റം എന്താണെന്ന് അറിയാമോയെന്ന് പൊലീസിനോട് ദില്ലി ഹൈക്കോടതി; നേതാവിന് സ്വീകരിക്കാനൊരുങ്ങി ജെഎന്‍യു ക്യാമ്പസ്

ദില്ലി: 21 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഇന്ന് തീഹാര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങും. ജാമ്യം അനുവദിക്കാന്‍ ദില്ലി ഹൈക്കോടതി ഉത്തരവിട്ടതോടെ കനയ്യയെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ഇന്നലെ തന്നെ ആരംഭിച്ചിരുന്നു. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി കോടതി ആവശ്യപ്പെട്ട ജാമ്യത്തുക കൂടി കെട്ടിവച്ചതിന് ശേഷമാണ് കനയ്യയെ മോചിപ്പിക്കുക. ആറുമാസത്തേക്ക് ഇടക്കാല ജാമ്യമാണ് കോടതി കനയ്യ കുമാറിന് അനുവദിച്ചിരിക്കുന്നത്. 10,000 രൂപയുടെ സ്വന്തം ജാമ്യത്തിലാണ് കോടതി കനയ്യ കുമാറിന് ജാമ്യം അനുവദിച്ചത്.

രാജ്യദ്രോഹകുറ്റം ചുമത്തി ദില്ലി പൊലീസ് അറസ്റ്റ് ചെയത കനയ്യയ്ക്ക് കൊടും പീഡനങ്ങളാണ് ഇക്കാലയളവില്‍ അനുഭവിക്കേണ്ടി വന്നത്. പൊലീസ് കസ്റ്റഡിയില്‍ തന്നെ അഭിഭാഷകര്‍ കനയ്യയെ ക്രൂരമായി മര്‍ദിച്ച വാര്‍ത്തകള്‍ ഞെട്ടലോടെയാണ് പുറംലോകം അറിഞ്ഞത്. നിയനടപടികള്‍ക്കായി കോടതിയില്‍ എത്തിയ കനയ്യക്ക് പോലീസുകാര്‍ നോക്കി നില്‍ക്കെ മര്‍ദ്ദനം ഏല്‍ക്കേണ്ടിയും വന്നു. വ്യാജ വീഡിയോകളുടെ പേരില്‍ കനയ്യയെ രാജ്യദ്രോഹിയായി ചിലര്‍ ചിത്രീകരിച്ചു.

ജാമ്യ ഹര്‍ജിയെ ദില്ലി പൊലീസ് നിരന്തരം എതിര്‍ക്കുകയും ചെയതു. ഒടുവില്‍ രാജ്യദ്രോഹകുറ്റം എന്താണെന്ന് അറിയാമോയെന്ന് ദില്ലി പൊലീസിനോട് ചോദിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കനയ്യക്കെതിരെ തെളിവായി സമര്‍പ്പിക്കപ്പെട്ടിരുന്ന ഏഴ് വീഡിയോകളില്‍ രണ്ടെണ്ണം എഡിറ്റ് ചെയ്താണ് രാജ്യദ്രോഹ മുദ്രാവാക്യം ചേര്‍ത്തതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കനയ്യയ്ക്ക് ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിച്ചതിന് പിന്നാലെ വിജയതിമിര്‍പ്പിലാണ് ജെഎന്‍യു ക്യാമ്പസ്. കനയ്യക്ക് പിന്തുണ പ്രഖ്യാപിച്ച് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. ജാമ്യം നേടി ക്യാമ്പസില്‍ എത്തുന്ന കനയ്യ ജെഎന്‍യു തുടരുന്ന പ്രതിഷേധ സമരത്തില്‍ സംസാരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News