രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം; പ്രതികരണം തേടി കേന്ദ്ര നിയമമന്ത്രാലയത്തിന് കത്തയച്ചു

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളായി ജയിലില്‍ കഴിയുന്നവരെ വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടി തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്ര നിയമമന്ത്രാലയത്തിന് കത്തയച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കമെന്നാണു കരുതപ്പെടുന്നത്.

നേരത്തെയും പ്രതികളെ വിട്ടയയ്ക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് വിയോജിക്കുകയും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് ജയിലില്‍ കഴിയുന്നത്. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ 2014ല്‍ സുപ്രീം കോടതി ജീവപര്യന്തമായി ഇളവു ചെയ്തിരുന്നു. ദയാഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് കാലതാമസം വേണ്ടിവന്നതിനാലാണ് ഇവരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തത്. ജീവപര്യന്തം കാലാവധിയായ 14 വര്‍ഷത്തില്‍ കൂടുതല്‍ കാലം തടവില്‍ കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ ഇവരെ വിട്ടയയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു.

1991 മേയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുംപതൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here