‘വരുത്തന്‍മാര്‍ വേണ്ട’; ജഗദീഷിനെതിരെ പത്തനാപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍; കെപിസിസി മറുപടി പറയണമെന്ന് ആവശ്യം

കൊല്ലം: പത്തനാപുരത്ത് നടന്‍ ജഗദീഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍. വരുത്തന്‍മാരായ സ്ഥാനാര്‍ത്ഥികളെ പത്തനാപുരത്തിറക്കി കോണ്‍ഗ്രസുകാരെ മണ്ടന്‍മാരാക്കരുതെന്നും ചോരയും നീരും കോണ്‍ഗ്രസിനായി ചെലവാക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്തു ചെയ്യണമെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. ജഗദീഷിനെ സ്ഥാനാര്‍ത്ഥി സാധ്യതപട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ കെപിസിസി നേതൃത്വം മറുപടി പറയണമെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ടു. ഉത്തരം തരേണ്ടത് എസി റൂമില്‍ ഇരിക്കുന്ന സംസ്ഥാന നേതാക്കളാണെന്നും പോസ്റ്ററില്‍ പറയുന്നു.

kollam-youth-3

kollam-youth-2

അതേസമയം, ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ ലക്ഷ്യമിടുന്ന എട്ടു മണ്ഡലങ്ങളിലും കൊല്ലം സ്വദേശികളെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് കൊല്ലം ഡിസിസി. തെരഞ്ഞെടുപ്പില്‍ ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കില്ലെന്നും പുറമെ നിന്നുള്ളവരെ കെട്ടിയിറക്കാന്‍ ശ്രമിക്കരുതെന്നും ഡിസിസി പ്രസിഡന്റ് എഴുകോണ്‍ സത്യശീലന്‍ ആവശ്യപ്പെട്ടു. സിനിമാ രംഗത്തുള്ളവരെ സ്ഥാനാര്‍ത്ഥിയായി
വേണ്ടെന്നാണ് തങ്ങളുടെ തീരുമാനമെന്നും സത്യശീലന്‍ വ്യക്തമാക്കി. കൊല്ലം സ്വദേശികളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് തന്റെ നിലപാടെന്നും സത്യശീലന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാധ്യതപട്ടികയില്‍ പത്തനാപുരം മണ്ഡലത്തില്‍ ജഗദീഷും ഇടംപിടിച്ചിരുന്നു. ഇതു സംബന്ധിച്ച് കെപിസിസി നേതൃത്വം ജഗദീഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മത്സരിക്കാനുള്ള സന്നദ്ധത ജഗദീഷ് അറിയിച്ചതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കിയിരുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here