കേരള കോണ്‍ഗ്രസ് എം വീണ്ടും പിളര്‍ന്നു; മാണിയുടെ കുടുംബവാഴ്ച അംഗീകരിക്കാനാകില്ലെന്ന് ആന്റണി രാജു; ഫ്രാന്‍സിസ് ജോര്‍ജും കെ.സി ജോസഫും പാര്‍ട്ടി വിട്ടു; വിമതരെ തള്ളി ജോസഫ്

കോട്ടയം: സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം വീണ്ടും പിളര്‍ന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നതായി ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാല് ഉന്നതാധികാര സമിതി അംഗങ്ങളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. ഫ്രാന്‍സിസ് ജോര്‍ജ്, ഡോ.കെ.സി ജോസഫ്, പി.സി ജോസഫ് എന്നിവരും രാജിവച്ചു. മക്കള്‍ രാഷ്ട്രീയത്തിന്റെ ഇരയായി തുടരാന്‍ ഇനി ആകില്ലെന്ന് ആന്റണി രാജു പറഞ്ഞു. മാണിയുടെ കുടുംബവാഴ്ചയാണ് കേരള കോണ്‍ഗ്രസില്‍ നടക്കുന്നത്. മകനു വേണ്ടി മാണി തഴക്കവും പഴക്കവും ചെന്നവരെ ഉപേക്ഷിക്കുകയാണ്. മതേതര ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ആന്റണി രാജു പറഞ്ഞു. കേരള കോണ്‍ഗ്രസ് (ജെ) പുനരുജ്ജീവിപ്പിക്കുമെന്ന് ആന്റണി രാജു പറഞ്ഞു. പുതിയ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയോഗം അടുത്ത ബുധനാഴ്ച ചേരും.

മാണിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ആന്റണി രാജു ഉന്നയിച്ചത്. മാണി ബിജെപിയുമായി കൂട്ടുകൂടാന്‍ ശ്രമം നടത്തുകയാണ്. ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാനാണ് മാണിയുടെ ശ്രമം. മാണിയുമായി ഇനി സന്ധി ചെയ്യാനാകില്ല. മകനു യാതൊരു രാഷ്ട്രീയ ഭരണ മികവുമില്ല. ആ മകനു വേണ്ടി കഴിവുള്ളവരെ തഴയുകയാണ്. മന്ത്രിസ്ഥാനത്ത് ഇരുന്ന് മാണി സുതാര്യമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തി. മാണി കോഴ വാങ്ങിയിട്ടില്ലെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. പാര്‍ട്ടി നിലപാട് വ്യക്തമാക്കുകയാണ് ചെയ്തത്. പിജെ ജോസഫിനെ വിശ്വാസമില്ലാത്തതിനാലാണ് മാണി ധനവകുപ്പ് ജോസഫിനെ ഏല്‍പിക്കാതിരുന്നത്. എല്‍ഡിഎഫില്‍ നിന്ന് ഇതുവരെ വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടില്ല. ഫെബ്രുവരി 2ന് മാണി അമിത് ഷായെ വീട്ടില്‍ പോയി കണ്ടിരുന്നെന്നും ആന്റണി രാജു ആരോപിച്ചു.

വിമതര്‍ സ്ഥാനമാനങ്ങള്‍ നേരത്തെ രാജിവച്ചിരുന്നു. ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും പാര്‍ട്ടിയുടെ ഭാഗമായി കിട്ടിയ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ രാജിവച്ചു. ഫ്രാന്‍സിസ് ജോര്‍ജ് കേരള ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനവും ആന്റണി രാജു ട്രാവന്‍കൂര്‍ സിമന്റ്‌സ് അധ്യക്ഷപദവിയും ഒഴിഞ്ഞു. കേരള കോണ്‍ഗ്രസ് വിടുന്നതിനു മുന്നോടിയായാണ് സ്ഥാനമാനങ്ങള്‍ രാജിവച്ചത്.

അതേസമയം, വിമതരെ തള്ളി പിജെ ജോസഫ് രംഗത്തെത്തി. പാര്‍ട്ടി വിട്ട നിലപാട് അംഗീകരിക്കാനാകില്ലെന്ന് ജോസഫ് പ്രതികരിച്ചു. താന്‍ പാര്‍ട്ടി വിടാന്‍ ഉദ്ദേശിക്കുന്നില്ല. ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിനെതിരെ ജോയ് ഏബ്രഹാം നേരത്തെ രംഗത്തെത്തിയിരുന്നു. ആരു പോയാലും പാര്‍ട്ടിക്ക് ഒരു ചുക്കുമില്ലെന്ന് ജോയ് ഏബ്രഹാം വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഭാഗ്യാന്വേഷികള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. അസൂയക്കാരുമുണ്ട്. പ്രലോഭിപ്പിക്കാന്‍ ആളുണ്ടെങ്കില്‍ സ്ഥാനമാനങ്ങള്‍ക്കു പിന്നാലെ പോകാന്‍ ആളുണ്ടാകും. എന്നാല്‍, ജോസഫും മാണിയും ഒരുമിച്ചു നിന്നാല്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. പൂഞ്ഞാറും ഏറ്റുമാനൂരും അടക്കം ഒരു സീറ്റും ആര്‍ക്കും വിട്ടുകൊടുക്കില്ല. കോണ്‍ഗ്രസും സീറ്റ് ആവശ്യപ്പെട്ടേക്കും. പക്ഷേ വിട്ടുകൊടുക്കാന്‍ നിര്‍വാഹമില്ല. രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നും ജോയ് ഏബ്രഹാം പറഞ്ഞു.

സീറ്റ് തര്‍ക്കമാണ് പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് നയിച്ചത്. അനുരഞ്ജന ശ്രമങ്ങള്‍ പാളിയതിനെ തുടര്‍ന്ന് ഇന്നു തന്നെ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. വിമത നീക്കം നടത്തുന്നവരുമായി ഇന്നലെ പി.ജെ ജോസഫ് ചര്‍ച്ച നടത്തിയിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിന് കോതമംഗലം സീറ്റ് നല്‍കാമെന്ന് പി.ജെ ജോസഫ് ഉറപ്പ് നല്‍കിയിരുന്നു. ആന്റണി രാജുവിന് സീറ്റ് ഉറപ്പാണെന്നും പി.ജെ ജോസഫ് പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ വഴങ്ങിയില്ല. മാത്രമല്ല കെ.എം മാണിയുടെ നേതൃത്വം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ നിലപാടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News