പുരോഗമന യുവജന പ്രസ്ഥാനത്തെ നയിക്കാന്‍ സ്വരാജും ഷംസീറും; 90 അംഗ സംസ്ഥാന സമിതി; സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ പോരാട്ടം ശക്തമാക്കും

മലപ്പുറം: പുഗോമന യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐയെ എം സ്വരാജും എ.എന്‍ ഷംസീറും നയിക്കും. സെക്രട്ടറിയായി സ്വരാജിനെയും പ്രസിഡന്റായി ഷംസീറിനെയും തിരൂരില്‍ നടന്ന സംസ്ഥാന സമ്മേളനം തെഞ്ഞെടുത്തു. ട്രഷററായി പി ബിജുവിനെയും സമ്മേളനം തെരഞ്ഞെടുത്തു. ഏകകണ്ഠമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. ജോയിന്റ് സെക്രട്ടറിമാരായി അബ്ദുള്ള നവാസ്, വി.പി റജീന, ഐ.സാജു, നിഥിന്‍ കണിച്ചേരി എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി കെ.രാജേഷ്, ബിജു കണ്ടക്കായി, എ.സതീഷ്, പി.നിഖില്‍, കെ. പ്രേംകുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. 90 അംഗ സംസ്ഥാന സമിതിയെയാണ് സമ്മേളനം തെരഞ്ഞെടുത്തത്. 25 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. 42 അംഗങ്ങള്‍ പുതുമുഖങ്ങളാണ്.

യുഡിഎഫിന്റെ യുവജന വഞ്ചനയ്‌ക്കെതിരായി കടുത്ത പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചതായി സെക്രട്ടറി എം സ്വരാജ് പറഞ്ഞു. പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ നീട്ടിക്കൊണ്ടിരിക്കുകയാണ്. ആര്‍ക്കും നിയമനം നല്‍കാത്തതിനാലാണ് റാങ്ക് ലിസ്റ്റുകള്‍ നീട്ടേണ്ടി വരുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് ആര്‍ക്കും നിയമനം നല്‍കുന്നില്ല. എന്നാല്‍, പിന്‍വാതില്‍ നിയമനങ്ങള്‍ യഥേഷ്ടം നടക്കുന്നുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വന്തക്കാരെ തിരുകിക്കയറ്റി. അരലക്ഷത്തോളം ആളുകളെയാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമിച്ചത്.

പിഎസ്‌സിയില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയാണ് സര്‍ക്കാര്‍. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം എടുത്തു കളഞ്ഞു.  ഇനി ജോലി ലഭിക്കുന്ന യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയാലും പെന്‍ഷന്‍ ഉണ്ടാവില്ലെന്ന സ്ഥിതിയായി. ഈ യുവജന വഞ്ചന നടത്തിയ സര്‍ക്കാരിനെ സമ്പൂര്‍ണമായി പരാജയപ്പെടുത്തണം എന്ന ആഹ്വാനം നല്‍കി ഡിവൈഎഫ്‌ഐയുടെ എല്ലാ യൂണിറ്റും സജീവമായി രംഗത്തിറങ്ങുമെന്നും സ്വരാജ് പറഞ്ഞു.

19 പ്രമേയങ്ങളാണ് ഈ സമ്മേളന കാലയളവില്‍ പാസാക്കിയത്. അതില്‍ ആദ്യത്തേതാണ് സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തുള്ളത്. ആദിവാസി അതിജീവനത്തെ പിന്തുണയ്ക്കുക എന്ന തലക്കെട്ടോടെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെടുന്നതാണ് മറ്റൊരു പ്രമേയം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഭീഷണി ഇപ്പോള്‍ കേരളത്തിലും ഉണ്ടായിരിക്കുന്നു. വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ വധഭീഷണിക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ കാപ്പ നിയമം പ്രയോഗിക്കുന്നു. യുവജന രംഗത്തുള്ള പ്രവര്‍ത്തകരെ നാടുകടത്താനുള്ള നീക്കം ചെറുക്കണം എന്ന് ആഹ്വാനം ചെയ്യുന്ന പ്രമേയം, വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം തീവ്രമായി പ്രതിരോധിക്കുക, പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, മദ്യാസക്തിക്കും മയക്കുമരുന്നിനും എതിരായ ബോധവത്കരണം, ഔഷധ വിലവര്‍ധനവിനെതിരെ പ്രക്ഷോഭം എന്നീ വിഷയങ്ങളിലുമായി 19 പ്രമേയങ്ങളാണ് പാസാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News