യുഎഇയെ നിലം തൊടീക്കാതെ ടീം ഇന്ത്യ; ജയം 9 വിക്കറ്റിന്; രോഹിത് ശര്‍മ കളിയിലെ കേമന്‍

മിര്‍പുര്‍: ഏഷ്യാകപ്പ് ട്വന്റി- 20 ടൂര്‍ണമെന്റില്‍ യുഎഇക്കെതിരെ ഇന്ത്യക്ക് അനായാസ ജയം. 82 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 9 വിക്കറ്റ് ശേഷിക്കെ വിജയം കണ്ടു. നേരത്തെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചതിനാല്‍ ഇന്ത്യക്ക് ഇത് അപ്രധാന മത്സരമായിരുന്നു. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത യുഎഇ 9 വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തു.

ഷയ്മന്‍ അന്‍വറിന്റെ ഇന്നിംഗ്‌സ് ആണ് അറബ് ടീമിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. 43 റണ്‍സെടുത്ത അന്‍വറിനെ ധോണി റണ്ണൗട്ട് ആക്കുകയായിരുന്നു. 11 റണ്‍സെടുത്ത രോഹന്‍ മുസ്തഫ മാത്രമാണ് യുഎഇ നിരയില്‍ പിന്നെ രണ്ടക്കം കടന്നത്. സന്ദീപ് പാട്ടില്‍ (1), മുഹമ്മദ് ഉസ്മാന്‍ (9), മുഹമ്മദ് കലീം (2) ഫഹദ് താരീഖ് (3) മുഹമ്മദ് നവീദ് (5) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. മുഹമ്മദ് ഷഹസാദും അംജദ് ജാവേദും പൂജ്യത്തിന് പുറത്തായി. ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ 2 വിക്കറ്റ് നേടി. മറ്റുള്ള ബൗളര്‍മാര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 39 റണ്‍സെടുത്ത രോഹിത് ഖദീര്‍ അഹമ്മദിന്റെ പന്തില്‍ മുഹമ്മദ് നവീദ് പിടിച്ച് പുറത്തായി. ശിഖര്‍ ധവാന്‍ 16ഉം യുവരാജ് സിംഗ് 25ഉം റണ്‍സെടുത്ത് ഇന്ത്യയെ അനായാസ വിജയത്തില്‍ എത്തിച്ചു. രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്. ടൂര്‍ണമമെന്റിലെ അപ്രധാനമായ മത്സരത്തില്‍ നാളെ ശ്രീലങ്കയും പാകിസ്താനും ഏറ്റുമുട്ടും. കളിച്ച നാലില്‍ നാലും വിജയിച്ച് ഇന്ത്യയും മൂന്നെണ്ണം ജയിച്ച് ബംഗ്ലാദേശും ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ച് കഴിഞ്ഞു. ശനിയാഴ്ചയാണ് ഫൈനല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News