തീരുമാനമാകാതെ ജെഡിയു-കോണ്‍ഗ്രസ് ചര്‍ച്ച; ഏഴാം തിയതി വീണ്ടും ചര്‍ച്ച; ഗുരുവായൂരില്‍ ഇടഞ്ഞ് ലീഗും കോണ്‍ഗ്രസും; തിരുവമ്പാടിയില്‍ ലീഗ് വേണ്ടെന്ന് താമരശ്ശേരി രൂപത

കോ‍ഴിക്കോട്/തൃശ്ശൂര്‍ : സീറ്റ് തര്‍ക്കം പരിഹരിക്കുന്നതിനായി ജെഡിയുവും കോണ്‍ഗ്രസും നടത്തിയ ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല. ഏഴാം തിയതി വീണ്ടും ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രാഥമിക ചര്‍ച്ച മാത്രമാണ് ഇപ്പോള്‍ നടന്നത്. ഏഴാം തിയതി രണ്ടാംഘട്ട ചര്‍ച്ച നടത്തും. ജെഡിയു കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍, ജെഡിയു 10 സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് വീരേന്ദ്രകുമാറിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. കൂടുതല്‍ സീറ്റ് വേണ്ടെന്ന് ഇന്ത്യയില്‍ ഏതെങ്കിലും പാര്‍ട്ടി പറയുമോ എന്നായിരുന്നു വീരേന്ദ്രകുമാറിന്റെ ചോദ്യം.

അതേസമയം, തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ താമരശ്ശേരി രൂപത രംഗത്തെത്തി. ഉമ്മര്‍ മാസ്റ്റര്‍ സ്വാകാര്യനല്ലെന്ന് ചൂണ്ടിക്കാട്ടി സഭാപ്രതിനിധികളായ മലയോര വികസന സമിതി മുഖ്യമന്ത്രിയെ കണ്ടു. തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ത്ഥി വേണ്ടെന്നാണ് രൂപതയുടെ നിലപാട്. പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും സഭാനേതൃത്വം വ്യക്തമാക്കി. എന്നാല്‍, തിരുവമ്പാടിയുടെ കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി താമരശ്ശേരി രൂപതാ വക്താക്കള്‍ അറിയിച്ചു. രൂപതാവക്താവ് ഫാദര്‍ എബ്രഹാം കാവില്‍പടിയാണ് മുഖ്യമന്ത്രിയെ കണ്ടത്.

ഗുരുവായൂര്‍ സീറ്റിനെ ചൊല്ലി തൃശ്ശൂരില്‍ കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം രൂക്ഷമാകുകയാണ്. മുസ്ലിംലീഗിനെ ഒഴിവാക്കി നേരിട്ട് മത്സരിക്കാന്‍ കോണ്‍ഗ്രസ് കരുനീക്കം ആരംഭിച്ചു. മണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ ജയിക്കാനാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണം. അതിനിടെ സീറ്റ് പിടിച്ചെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ മുസ്ലിംലീഗ് രംഗത്തെത്തി.

രൂപീകരണകാലം മുതല്‍ ഗുരുവായൂരില്‍ ലീഗ് ആണ് മത്സരിക്കുന്നത്. എന്നാല്‍, തുടര്‍ച്ചയായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുന്നു എന്നാണ് മണ്ഡലം ഏറ്റെടുക്കാന്‍ ന്യായീകരണമായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഡിസിസി പ്രസിഡന്റ് അബ്ദുറഹ്മാന്‍കുട്ടിയെ ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാനും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് സീറ്റില്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. മുസ്ലിംലീഗിന് മണ്ഡത്തില്‍ കാര്യമായ സ്വാധീനമില്ലെന്നും കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി ഉണ്ടായാല്‍ വിജയം ഉറപ്പാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം നടത്തി. കോണ്‍ഗ്രസിന്റെ അവകാശവാദത്തിനെതിരെ ലീഗ് നേതൃത്വവും രംഗത്തെത്തി. പരമ്പരാഗത സീറ്റായ ഗുരുവായൂര്‍ വിട്ടുനല്‍കില്ലെന്നും പരാജയം എടുത്തുകാട്ടി സീറ്റ് വെച്ചു മാറണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം പ്രായോഗികമല്ലെന്നും ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി.

ലീഗിന് ജില്ലയില്‍ ശക്തനായ സ്ഥാനാര്‍ത്ഥി ഇല്ല എന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ക്യാംപുകള്‍ വ്യാപക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മുസ്ലിംലീഗിനെ മലപ്പുറത്ത് മാത്രമായി ഒതുക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന പ്രതികരണമാണ് പ്രാദേശിക ലീഗ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്. ലീഗ് സ്ഥാനാര്‍ത്ഥി തന്നെയാവും ഗുരുവായുരില്‍ മത്സരിക്കുകയെന്നും ഇക്കുറി ജയിക്കാനാവുമെന്നും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഗ്രൂപ്പ് വഴക്കുകള്‍ക്കിടെ ഗുരുവായൂര്‍ സീറ്റിനെ ചൊല്ലിയുള്ള കോണ്‍ഗ്രസ്-ലീഗ് തര്‍ക്കവും മുന്നണിക്കുള്ളില്‍ തലവേദനയാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News