ഉത്തരകൊറിയ ജപ്പാനെ ലക്ഷ്യമാക്കി ഹ്രസ്വദൂര മിസൈലുകള്‍ അയച്ചു; കൊറിയക്കു മേല്‍ കടുത്ത യുഎന്‍ ഉപരോധം

സോള്‍: ആണവപരീക്ഷണം നടത്തിയതിന് കടുത്ത ഉപരോധം ഏര്‍പ്പെടുത്താനുള്ള യുഎന്‍ നീക്കത്തിന് ഉത്തരകൊറിയ മറുപടി നല്‍കിയത് ഹ്രസ്വദൂര മിസൈലുകള്‍ അയച്ച്. ജപ്പാന്‍ ലക്ഷ്യമാക്കി കടലിലേക്ക് ആറുഹ്രസ്വദൂര മിസൈലുകളാണ് കൊറിയ അയച്ചത്. ഉത്തര കൊറിയക്കു മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഉത്തര കൊറിയ മിസൈല്‍ അയച്ച് പ്രതികരിച്ചത്. കിഴക്കന്‍ തീരത്തെ വെന്‍സാനില്‍ നിന്ന് ഉത്തരകൊറിയ ചെറുമിസൈലുകള്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയമാണ് അറിയിച്ചത്.

പ്രാദേശിക സമയം രാവിലെ 10 മണിയോടെയായിരുന്നു പരീക്ഷണം നടത്തിയത്. റോക്കറ്റുകളോ മിസൈലുകളോ ആകാം പരീക്ഷിച്ചതെന്നാണ് ദക്ഷിണ കൊറിയ വ്യക്തമാക്കുന്നത്. കിഴക്കന്‍ തീരത്തുനിന്ന് 60 മുതല്‍ 90 മൈല്‍ വരെ ദൂരത്തില്‍ മിസൈല്‍ കടലില്‍ പതിച്ചു. ഐക്യരാഷ്ട്രസഭയുടെ തീരുമാനം വന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണം. വിക്ഷേപണത്തിന്റെ യഥാര്‍ത്ഥ സ്വഭാവം സംബന്ധിച്ച് പരിശോധിച്ചു വരുകയാണെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

UN

രണ്ടു ദശാബ്ദത്തിനുള്ളിലെ ഏറ്റവും കടുത്ത ഉപരോധങ്ങളാണ് ഉത്തരകൊറിയക്കു മേല്‍ അടിച്ചേല്‍പിക്കാന്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗീകാരം നല്‍കിയത്. വിലക്കു ലംഘിച്ച് ആണവപരീക്ഷണവും ഉപഗ്രഹ വിക്ഷേപണവും നടത്തിയതിന്റെ പേരില്‍ അമേരിക്കയാണ് ഉപരോധത്തിന് പ്രമേയം കൊണ്ടുവന്നത്. ഉത്തരകൊറിയയിലേക്ക് വരുന്നതും അവിടെനിന്ന് പോകുന്നതുമായ ചരക്കുകള്‍ നിര്‍ബന്ധമായി പരിശോധിക്കുക, ആയുധങ്ങള്‍ വിലക്കുക, നയതന്ത്രപ്രതിനിധികളെ പുറത്താക്കുക എന്നിവയടക്കമുള്ള കടുത്ത നടപടികളാണ് നിര്‍ദേശിച്ചത്. കല്‍ക്കരി, ഇരുമ്പ്, ഇരുമ്പയിര്, സ്വര്‍ണം, ടൈറ്റാനിയം അയിര്, വനേഡിയം അയിര്, അപൂര്‍ണ ഭൂധാതുക്കള്‍ തുടങ്ങിയവയുടെ കയറ്റുമതിയും വിലക്കുന്നു. ഉത്തരകൊറിയയിലേക്ക് വിമാന ഇന്ധന കയറ്റുമതിയും തടയും.

ഉത്തരകൊറിയയുടെ ആണവ മിസൈല്‍ പദ്ധതികള്‍ക്കപ്പുറമുള്ള ഉപരോധം വേണമെന്നാണ് അമേരിക്കയും ജപ്പാനും അവരുടെ പാശ്ചാത്യകൂട്ടാളികളും ആവശ്യപ്പെട്ടത്. എന്നാല്‍, അയല്‍രാജ്യത്തിന്റെ സ്ഥിരതയ്ക്ക് ഭീഷണിയും സാമ്പത്തികത്തകര്‍ച്ചയ്ക്ക് കാരണവുമാകുന്ന ഉപരോധം അംഗീകരിക്കാന്‍ ചൈന വിമുഖത പ്രകടിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഏഴ് ആഴ്ചയോളം നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് രക്ഷാസമിതിയില്‍ പ്രമേയം വോട്ടിനിട്ടത്. ഇത്തരം അപകടകരമായ പദ്ധതികള്‍ ഉത്തരകൊറിയ അവസാനിപ്പിക്കണമെന്ന ലളിതമായ സന്ദേശമാണ് അന്താരാഷ്ട്രസമൂഹം ഒരേശബ്ദത്തില്‍ നല്‍കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ഉപരോധങ്ങള്‍ ചര്‍ച്ച പുനരാരംഭിക്കാന്‍ വഴിയൊരുക്കുമെന്ന് ചൈനയും റഷ്യയും പ്രതീക്ഷ പ്രകടിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here