ലാല്‍സലാം സഖാവെ എന്ന് യെച്ചുരി; നേതാവ് ജനിച്ചെന്ന് രാജ്ദീപ് സര്‍ദേശായ്; ചെഗുവേരയുടെ പുനര്‍ജന്‍മമെന്ന് സഞ്ജയ് ഝാ; കനയ്യയെ ഏറ്റുവിളിച്ച് ലോകം

അന്താരാഷ്ട്രതലത്തില്‍ തന്നെ വന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ജെഎന്‍യുവിലെ പോരാളി കനയ്യ കുമാറിന്റെ മോചനം. ജയില്‍ മോചിതനായി കാമ്പസിലെത്തിയ കനയ്യ കുമാറിന്റെ പ്രസംഗത്തിന് അഭിവാദ്യമര്‍പ്പിച്ച് പ്രമുഖരാണ് എത്തിയത്. കനയ്യയെ ഏറ്റുവിളിക്കുകയാണ് ലോകം. അന്‍പത് മിനുട്ടോളം നീണ്ട കനയ്യയുടെ പ്രസംഗം ദേശീയമാധ്യമങ്ങള്‍ എല്ലാം തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലും #KanhaiyaKumar എന്ന ഹാഷ്ടാഗാണ് ഇപ്പോള്‍ ട്രന്‍ഡിംഗ് ആയിരിക്കുന്നത്.

കനയ്യയെ അഭിവാദം ചെയ്ത് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായ്, മുന്‍ വിദേശകാര്യ സെക്രട്ടറിയും അംബാസിഡറുമായ നിരുപമ റാവു എന്നിവര്‍ രംഗത്തെത്തി. ലാല്‍സലാം സഖാവെ എന്നാണ് യെച്ചുരി കനയ്യയെ വിളിച്ചത്. നിങ്ങള്‍ ആവശ്യപ്പെടുന്ന സ്വാതന്ത്ര്യം താങ്കളെ പീഡിപ്പിച്ചവരുടെ കയ്യില്‍ തന്നെയാണെന്നും യെച്ചുരി പറഞ്ഞു.

ഭൂരിഭാഗം ആളുകളും എന്താണോ അനുഭവിക്കുന്നത് അതാണ് കനയ്യ പറഞ്ഞതെന്നാണ് കെജ്‌രിവാളിന്റെ ട്വീറ്റ്. ശക്തവും വ്യക്തവുമാണ് കനയ്യയുടെ പ്രസംഗമെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

വന്ദന ശര്‍മ, പല്ലവി ഷാ എന്നിവരടക്കമുള്ള പ്രമുഖരും ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഉറക്കം കെടുത്തുന്ന പ്രസംഗത്തെ കുറിച്ചാണ് ട്വീറ്റ് ചെയ്തത്.

പ്രസംഗം നേതാക്കളെ സൃഷ്ടിക്കുന്ന ഇന്ത്യയില്‍ പുതിയൊരു നേതാവിന്റെ ജനനം എന്നാണ് രാജ്ദീപ് സര്‍ദേശായ് പ്രതികരിച്ചത്. ഇന്ത്യന്‍ ചെഗുവേര എന്നാണ് കനയ്യയെ പല പ്രമുഖരും വിശേഷിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here