ഗള്‍ഫിലെ എണ്ണവില പ്രതിസന്ധി അടുത്തകാലത്തൊന്നും ഒഴിയില്ല; കമ്പനികള്‍ ഈ വര്‍ഷം ശമ്പളം കൂട്ടില്ല; ലാഭവിഹിതവും നല്‍കില്ല; ശമ്പളം വെട്ടിക്കുറയ്ക്കല്‍ തുടരും

ദുബായ്: എണ്ണവിലയിലെ കുറവുണ്ടാക്കിയ പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍മേഖലയെ തകര്‍ക്കുന്നു. വ്യവസായ ലോകം ഇരുട്ടില്‍ തപ്പുന്ന അവസ്ഥവരെയെത്തിയ സാഹചര്യത്തില്‍ വന്‍കിട കമ്പനികള്‍ പോലും ലാഭവിഹിതം നല്‍കാതിരിക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ശമ്പള വര്‍ധനയുണ്ടാകില്ല. പ്രതിസന്ധിയിലകപ്പെട്ട സ്ഥാപനങ്ങള്‍ ശമ്പളം വെട്ടിക്കുറയ്ക്കല്‍ തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലാഭവിഹിതമായി നല്‍കേണ്ട പണം കമ്പനികളുടെ വരുംകാല ദൈനംദിന ചെലവുകള്‍ക്കായി മാറ്റിവയ്്ക്കാനാണ് കമ്പനികളുടെ തീരുമാനം.

ലാഭവിഹിതം നല്‍കാതാകുന്നതോടെ പല കമ്പനികളുടെയും നിലനില്‍പ്പുതന്നെ അവതാളത്തിലാകും. ഗള്‍ഫിലെ കമ്പനികള്‍ വര്‍ഷങ്ങളായി മികച്ച ലാഭവിഹിതമാണ് നല്‍കി വന്നിരുന്നത്. ഇക്കാരണം കൊണ്ടുതന്നെ വന്‍തോതില്‍ നിക്ഷേപവും ഈ കമ്പനികള്‍ക്കു ലഭിച്ചിരുന്നു. വളര്‍ച്ചയില്‍ വന്‍ തളര്‍ച്ച നേരിട്ടതോടെ ലാഭം കണ്ടെത്താനാകാതെ പല കമ്പനികളും ഈ വര്‍ഷം ലാഭവിഹിതം നല്‍കാനാവില്ലെന്നും തീരുമാനിച്ച് ഓഹരിയുടമകളെ അറിയിച്ചിട്ടുണ്ട്.

5.7 ശതമാനം വളര്‍ച്ചാ നിരക്കു പ്രതീക്ഷിച്ച സൗദി അറേബ്യയില്‍ ലഭിച്ചത് ഈ വര്‍ഷം ലഭിക്കുന്നത് 2.8 മാത്രമായിരിക്കുമെന്നാണ് അനുമാനം. ഇന്ധനം, വൈദ്യുതി, പ്രകൃതി വാതകം തുടങ്ങിയവയ്ക്കു വില നല്‍കേണ്ടിവരുന്നതിനാലും ചെലവു കുറയ്‌ക്കേണ്ടതിനാലും വരും വര്‍ഷത്തെ കമ്പനികളുടെ ബജറ്റ് ചെലവുചുരുക്കല്‍ മാത്രം ലക്ഷ്യമിട്ടുള്ളതായിക്കുമെന്നു വിപണി വിശകലന സ്ഥാപനമായ മൂഡീസ് വിലയിരുത്തുന്നു. പെട്രോളിയം ഉല്‍പന്നങ്ങളിലൂടെയുള്ള ഡോളര്‍ വരവ് ഇടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കൊന്നും പിടിച്ചുനില്‍ക്കാനുള്ള പണം കണ്ടെത്താന്‍ കഴിയില്ല.

മുന്‍വര്‍ഷങ്ങളില്‍ കിട്ടിയ ലാഭം പൂര്‍ണമായി ബിസിനസില്‍ തിരികെ നിക്ഷേപിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നു സൗദി അറേബ്യയിലെ പല കമ്പനികളും വ്യക്തമാക്കിക്കഴിഞ്ഞു. യൂണൈറ്റഡ് ഇലക്ട്രോണിക്‌സ് അടക്കമുള്ള കമ്പനികള്‍ നാലാം പാദത്തിലെ ലാഭവിഹിതം നല്‍കില്ലെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. പെട്രോകെമിക്കല്‍ മേഖലയാണ് ഏറ്റവും പ്രതിസന്ധിയിലായത്. സൗദിക്കു പുറത്ത് ഖത്തറിലെ പെട്രോക്കെമിക്കല്‍ മേഖല അതീവ പ്രശ്‌നത്തിലായി. പെട്രോള്‍ വിലയിടിവ് രാജ്യത്തെ നിര്‍മാണ മേഖലയെ തകര്‍ത്തതോടെ സൗദിയിലും ഖത്തറിലും സിമെന്റ് മേഖലയും നിലനില്‍ക്കാനാവാത്ത നിലയിലായി. പത്തുശതമാനം വരെ ലാഭവിഹിതം നല്‍കിയിരുന്ന കമ്പനികള്‍ ഈവര്‍ഷം പരമാവധി നല്‍കാന്‍ സാധ്യതയുള്ളത് രണ്ടു മുതല്‍ നാലു ശതമാനം വരെ മാത്രമാണ്. സൗദി സിമെന്റ്‌സ് കഴിഞ്ഞവര്‍ഷം 3.25 റിയാല്‍ കൊടുത്ത സ്ഥാനത്ത് ഇക്കുറി രണ്ടു റിലായാലായിരിക്കും കൊടുക്കുക. അതേസമയം, ബാധ്യതകള്‍ കുറഞ്ഞ കമ്പനികള്‍ക്ക് ഈ വര്‍ഷം വലിയ തരക്കേടില്ലാതെ ലാഭവിഹിതം നല്‍കാനായേക്കുമെന്നു വിലിയിരുത്തുന്നവരുമുണ്ട്.

പല വലിയ കമ്പനികളും പോലും വരും മാസങ്ങളില്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്നതായി ജീവനക്കാരെ അറിയിക്കുമെന്നും സൂചനയുണ്ട്. ലാഭവിഹിതം പോലും നല്‍കാനാവാത്ത സാഹചര്യത്തില്‍ വാര്‍ഷിക ഇന്‍ക്രിമെന്റെ പ്രമോഷനും നല്‍കാനാവില്ലെന്ന നിലപാടാണ് കമ്പനികള്‍ക്ക്. അത്യാവശ്യമായി വേണ്ടവരെ മാത്രം കമ്പനികളില്‍നിര്‍ത്തി പ്രതിസന്ധി മാറുംവരെ കഴിയുന്നിടത്തോളം പ്രവാസി ജീവനക്കാരെ അവധി നല്‍കി നാട്ടിലേക്കു വിടാനും കമ്പനികള്‍ ആലോചിക്കുന്നുണ്ട്. ദുബായിലും ഷാര്‍ജയിലും പല കമ്പനികളും പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരെ അവധി നല്‍കി നാട്ടിലേക്കയച്ചിട്ടുണ്ട്. ഇവരില്‍ പലരും ജോലിയില്ലാതെ നാട്ടില്‍പോകാനാവാത്ത സാഹചര്യമുള്ളതിനാല്‍ മറ്റെന്തെങ്കിലും ജോലിക്കായി ശ്രമിക്കുകയാണ്. പലരും ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചാണ് ജീവിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News