തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തുമെന്നു കനയ്യകുമാര്‍; ജെഎന്‍യുവിന്റെ പ്രതിഛായ തകര്‍ക്കാന്‍ ഗൂഢ നീക്കം നടക്കുന്നു

ദില്ലി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണം നടത്തുമെന്നു ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍. ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് ഒരിക്കലും രാജ്യദ്രോഹികളാകാന്‍ കഴിയില്ലെന്നും ഇടക്കാല ജാമ്യം കിട്ടിയ കനയ്യകുമാര്‍ ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലും പശ്ചിബംഗാളിലുമാണ് കനയ്യകുമാര്‍ പ്രചാരണത്തിനെത്തുക. സമൂഹത്തിന്റെ മാറ്റം ആഗ്രഹിക്കുന്നവരാണ് ജെഎന്‍യുവിലെ പ്രക്ഷോഭത്തെ പിന്തുണച്ചത്. ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കഴിയുന്നവരല്ല ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍. ഇന്നു ജെഎന്‍യു ചിന്തിക്കുന്നതാണ് നാളെ സമൂഹം ചിന്തിക്കുക. ശക്തമായ ജനാധിപത്യത്തിനാണ് ജെഎന്‍യു നിലകൊള്ളുന്നത്. മാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ നാലാം തൂണ്‍.

തനിക്കും ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പിന്തുണ നല്‍കി. ജെഎന്‍യുവിലെ ഇല്ലാതാക്കാനും പ്രതിഛായ തകര്‍ക്കാനും ഗൂഢാലോചന നടക്കുന്നുണ്ട്. ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ രാജ്യസ്‌നേഹമുള്ളവരാണ്. ജെഎന്‍യുവിനൊപ്പം നിന്നവര്‍ രോഹിത് വെമുലയ്ക്കും നീതിക്കുംവേണ്ടി നിന്നവരാണ്. രോഹിത് വെമുലയുടെ ആത്മഹത്യ വൃഥാവിലാവില്ല. ഈ മുന്നേറ്റത്തെ പിന്തുണച്ചവര്‍ക്കു നന്ദി പറയുന്നു. ഭരണഘടനയുടെ സത്ത ഇല്ലാതാക്കുന്നവരെ പോരാട്ടത്തിലൂടെ തകര്‍ക്കും.

ഒരു വിപ്ലവം ആരംഭിച്ചാല്‍ ഭരണകൂടം അതിനെ തകര്‍ക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. ജനങ്ങളെ അടിച്ചമര്‍ത്തനാണ് രാജ്യദ്രോഹക്കുറ്റം ഉപയോഗിക്കുന്നത്. ബ്രിട്ടീഷുകാരും രാജ്യദ്രോഹമെന്ന പദം ഉപയോഗിച്ചത് ജനങ്ങളെ അടിച്ചമര്‍ത്താനാണ്. കര്‍ഷകരുടെയും ജവാന്‍മാരുടെയും രോഹിത് വെമുലയുടെയും ജീവത്യാഗം വെറുതെയാവില്ലെന്നും കനയ്യകുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News