യെമനില്‍ ഐഎസ് ആക്രമണത്തില്‍ ഇന്ത്യാക്കാരായ നാല് കന്യാസ്ത്രീകള്‍ അടക്കം പതിനേഴു പേര്‍ മരിച്ചു; കൊല്ലപ്പെട്ടത് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീസഭാംഗങ്ങള്‍

എയ്ദന്‍ (യെമന്‍): ഐഎസ് തീവ്രവാദികളുടെ ആക്രമണത്തില്‍ ഇന്ത്യക്കാരായ നാലു കന്യാസ്ത്രീകള്‍ അടക്കം പതിനേഴു പേര്‍ മരിച്ചു. കൊല്‍ക്കത്ത ആസ്ഥാനമായ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനിസഭാംഗങ്ങളാണ് കൊല്ലപ്പെട്ട ഇന്ത്യക്കാര്‍. തെക്കന്‍ യെമന്‍ പട്ടണമായ എയ്ദനിലെ വൃദ്ധസദനത്തിലാണ് ആക്രമണമുണ്ടായത്. സായുധരായ തീവ്രവാദികള്‍ വൃദ്ധസദനത്തില്‍ അതിക്രമിച്ചുകയറി നിറയൊഴിക്കുകയായിരുന്നെന്നു ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനാംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന് എയ്ദന്‍ പ്രാദേശിക ഭരണകൂട വക്താവ് അറിയിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയാണ് വൃദ്ധസദനം നടത്തിയിരുന്നത്. അടുത്തിടെ ഐഎസ് ആക്രമണത്തില്‍ എയ്ദനിലെ മുന്‍ ഗവര്‍ണറും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു.

മാധ്യമങ്ങളിലൂടെ മാത്രമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും വിശദാംശങ്ങള്‍ അറിവായിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News