ഇന്ത്യന്‍ സിനിമയുടെ ചരിത്രകാരന്‍ പി കെ നായര്‍ക്ക് അന്ത്യാഞ്ജലി; യാത്രയായത് ഇന്ത്യന്‍ സിനിമയിലെ പ്രമുഖരുടെ ഗുരു

പുനെ: ഇന്ത്യയിലെ ചലച്ചിത്രകാരന്‍മാരുടെ ഗുരു എന്നറിയപ്പെടുന്ന സിനിമാ പണ്ഡിതനും പുനെ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് സ്ഥാപകനുമായ പി കെ നായര്‍ അന്തരിച്ചു. 86 വയസായിരുന്നു. പുനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാളെ പുനെ ഫിലിം ആര്‍ക്കൈവ്‌സില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം പുനെയില്‍തന്നെ സംസ്‌കരിക്കും. തിരുവനന്തപുരം സ്വദേശിയാണ്.

1933 ല്‍ തിരുവനന്തപുരത്തു ജനിച്ച പി കെ നായര്‍ കുട്ടിക്കാലം മുതലേ സിനിമയിലാണ് താല്‍പര്യം കാട്ടിയത്. 1965-ല്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സില്‍ ചേര്‍ന്ന അദ്ദേഹം 1982-ല്‍ തലവനായി. നശിച്ചുപോകുമായിരുന്ന ആയിരക്കണക്കിനു സിനിമകള്‍ പി കെ നായരുടെ ശ്രമഫലമായി വീണ്ടെടുത്തു സൂക്ഷിക്കാനായി.

1991 ല്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സില്‍നിന്നു വിരമിച്ച അദ്ദേഹം എണ്ണായിരം ഇന്ത്യന്‍ സിനിമകള്‍ അടക്കം 12000 സിനിമകള്‍ ശേഖരിച്ചിട്ടുണ്ട്. സത്യജിത് റായ്, ഋത്വിക് ഘട്ടക്ക്, മൃണാള്‍ സെന്‍, വി ശാന്താറാം, രാജ് കപൂര്‍, ഗുരുദത്ത് എന്നിവരുടെ ചിത്രങ്ങളാണ് പി കെ നായരുടെ ശ്രമഫലമായി കണ്ടെടുത്തു സൂക്ഷിച്ചത്. ഇംഗ്മര്‍ ബര്‍ഗ്മാന്‍, അകിരാ കുറസോവ തുടങ്ങിയ ലോകോത്തര ചലച്ചിത്രകാരന്‍മാരുടെ ചിത്രങ്ങളും പി കെ നായരുടെ ശേഖരത്തിലുണ്ട്.

വലിയൊരു അധ്യായത്തിന്റെ അന്ത്യമെന്നാണ് ചലച്ചിത്രലോകം പി കെ നായരുടെ നിര്യാണത്തെ വിലയിരുത്തിയത്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും സൗത്ത് ഏഷ്യന്‍ സിനിമാ ഫൗണ്ടേഷനും ചേര്‍ന്ന് സിനിമാ സംരക്ഷണത്തിനുള്ള സമഗ്രസംഭാവനയ്ക്കു പി കെ നായര്‍ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here