ലങ്കയ്ക്ക് തോല്‍വിയോടെ മടക്കം; പാകിസ്താന് ആശ്വാസജയം; ഫൈനലിനൊരുങ്ങി ഇന്ത്യയും ബംഗ്ലാദേശും

മിര്‍പൂര്‍: ഏഷ്യാകപ്പ് ട്വന്റി – 20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ അവസാന ലീഗ് മത്സരത്തില്‍ പാകിസ്താന് ആശ്വാസ ജയം. ശ്രീലങ്കയെ ആറ് വിക്കറ്റുകള്‍ക്കാണ് പാകിസ്താന്‍ പരാജയപ്പെടുത്തിയത്. ദിനേശ് ചാന്ദിമലിന്റെയും തിലകരത്‌ന ദില്‍ഷന്റെയും അര്‍ദ്ധസെഞ്ച്വറിയും അവസാന മത്സരത്തില്‍ ലങ്കയെ രക്ഷിച്ചില്ല. ലങ്ക ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ പാകിസ്താന്‍ മറികടന്നു.

ടോസ് നേടിയ പാകിസ്താന്‍ ലങ്കയെ ബാറ്റിംഗിന് അയ്യക്കുകയായിരുന്നു. പാക് തീരുമാനം തെറ്റാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു ലങ്കയുടെ ഇന്നിംഗ്‌സിന്റെ തുടക്കം. ദിനേശ് ചാന്ദിമലിന്റെയും തിലകരത്‌ന ദില്‍ഷന്റെയും മിന്നുന്ന ബാറ്റിംഗ് ലങ്കയെ ശക്തമായ നിലയിലേക്ക് എത്തിച്ചു. ഇരുവരും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 110 റണ്‍സെടുത്തു. 55 റണ്‍സെടുത്ത ചാന്ദിമല്‍ വഹാബ് റിയാസിന്റെ പന്തില്‍ ഷര്‍ജീല്‍ ഖാന്‍ പിടിച്ച് പുറത്തായി.

ലങ്കന്‍ മധ്യനിരയ്ക്ക്് കൂടുതല്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഷെഹന്‍ ജയസൂര്യ (4), ചമര കപുഗദേര (2), ദസുന്‍ സനക (0) എന്നിവര്‍ വന്നതുപോലെ മടങ്ങി. മധ്യനിര വിക്കറ്റുകള്‍ കൊഴിയുമ്പോഴും ഇന്നിംഗ്‌സ് അവസാനം വരെ പിടിച്ചുനിന്ന ദില്‍ഷനാണ് ലങ്കയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. പാക് നിരയില്‍ മുഹമ്മദ് ഇര്‍ഫാന്‍ രണ്ടും വഹാബ് റിയാസ്, ഷോയെബ് മാലിക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ലങ്കന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാക് നിര ശക്തമായ തിരിച്ചുവരവ് നടത്തി. ഓപ്പണര്‍മാരായ ഷര്‍ജീല്‍ ഖാന്‍ 31ഉം മുഹമ്മദ് ഹഫീസ് 14ഉം റണ്‍സെടുത്തു. 38 റണ്‍സെടുത്ത സര്‍ഫ്രാസ് അഹമ്മദ് കലശേഖരയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പാക് വിജയം ഉറപ്പിച്ച ഉമര്‍ അക്മല്‍ 48 റണ്‍സെടുത്ത് പവലിയനിലേക്ക് മടങ്ങി. അക്മല്‍ മടങ്ങുമ്പോള്‍ പാകിസ്താന്‍ സ്‌കോര്‍ ഒപ്പത്തിനൊപ്പം എത്തിയിരുന്നു. ഷോയബ് മാലിക് 13 റണ്‍സെടുത്തു. കുലശേഖര, ജയസൂര്യ, ദില്‍ഷന്‍, സിരിവര്‍ദ്ധന എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഫൈനല്‍ മത്സരം ശനിയാഴ്ച ധാക്കയില്‍ നടക്കും. ഇന്ത്യയും ആതിഥേയരായ ബംഗ്ലദേശും തമ്മിലാണ് മത്സരം. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ഇന്ത്യക്കെതിരെ മാത്രമാണ് ബംഗ്ലാദേശ് തോല്‍വി അറിഞ്ഞത്. വിജയം ആവര്‍ത്തിച്ചാല്‍ ടീം ഇന്ത്യക്ക് ഏഷ്യാകപ്പില്‍ മുത്തമിടാം. അട്ടിമറി സംഭവിച്ചാല്‍ ആതിഥേയര്‍ ആദ്യമായി ഏഷ്യാകപ്പ് ഉയര്‍ത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News