എ.കെ ആന്റണി രാജ്യസഭാ സ്ഥാനാര്‍ത്ഥി; സ്ഥാനാര്‍ത്ഥി പട്ടികയില്‍ തിരക്കിട്ട് തീരുമാനം എടുക്കേണ്ടതില്ലെന്ന് സുധീരന്‍; ചര്‍ച്ചകള്‍ തുടരും

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി കേരളത്തില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണ് ഇക്കാര്യം അറിയിച്ചത്. ആന്റണിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി സുധീരന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ തിരക്കിട്ട് തീരുമാനം എടുക്കേണ്ടതില്ലെന്ന് സുധീരന്‍ പറഞ്ഞു. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഇന്നു നടന്നത്. ഇക്കാര്യത്തില്‍ ഇനിയും ചര്‍ച്ചകള്‍ നടക്കും. മറ്റു പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.

ഡിസിസികള്‍ നല്‍കിയ പട്ടിക ഹൈക്കമാന്‍ഡിനു കൈമാറുന്നതിനു മുന്നോടിയായി കെപിസിസി ആസ്ഥാനത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിഎം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഡിസിസികള്‍ നല്‍കിയ പേരുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. സിറ്റിംഗ് എംഎല്‍എമാര്‍, മന്ത്രിമാര്‍ എന്നിവരില്‍ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആണ് അന്തിമതീരുമാനം എടുക്കുക.

ജംബോ പട്ടികയാണ് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ ഡിസിസികള്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞയാഴ്ചയാണ് സ്ഥാനാര്‍ത്ഥി പട്ടിക ഡിസിസികള്‍ കെപിസിസിക്ക് സമര്‍പ്പിച്ചത്. നിരവധി പുതുമുഖങ്ങളുടെ പേരുകള്‍ ഉള്‍പ്പെട്ടതാണ് പട്ടിക. ഇതിനിടെ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസും വനിതാ സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ജയസാധ്യതയില്ലാത്ത സീറ്റുകള്‍ നല്‍കി കഴിഞ്ഞ വര്‍ഷങ്ങൡ സ്ത്രീകളെ ഒതുക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തതെന്ന് കഴിഞ്ഞ ദിവസം ബിന്ദു കൃഷ്ണ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel