കേരള കോണ്‍ഗ്രസ് എമ്മുമായി കോട്ടയത്ത് ഇന്ന് ചര്‍ച്ച; കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടേക്കും; പൂഞ്ഞാര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും

കോട്ടയം: പിളര്‍പ്പിന്റെ ഉലച്ചിലില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് എമ്മുമായി കോണ്‍ഗ്രസ് ഇന്നു സീറ്റ് ചര്‍ച്ച ആരംഭിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍, കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി, ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം എംപി എന്നിവരുമായി ചര്‍ച്ച നടത്തും. ജോസഫ് വിഭാഗത്തില്‍ നിന്ന് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയെങ്കിലും സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് മാണി തയ്യാറായേക്കില്ലെന്നാണ് സൂചന. മാത്രമല്ല കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനും സാധ്യതയുണ്ട്.

ജോസഫ് വിഭാഗത്തിന്റെ സിറ്റിങ് എംഎല്‍എമാരെ കൂടാതെ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനാണ് മാണി ആലോചിക്കുന്നത്. കോട്ടയം ജില്ലയിലെ ചില സീറ്റുകളെ സംബന്ധിച്ച തര്‍ക്കങ്ങള്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ തര്‍ക്കം ആരംഭിച്ചിട്ടുണ്ട്. പൂഞ്ഞാറാണ് പ്രധാന തര്‍ക്കവിഷയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ടിക്കറ്റില്‍ പിസി ജോര്‍ജ് ജയിച്ച മണ്ഡലം, ജോര്‍ജ് പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസിനു വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിക്ക് ഇവിടെ മത്സരിക്കാന്‍ താല്‍പര്യവും ഉണ്ട്. എന്നാല്‍, ആകെ ഉള്ള കുറച്ചു സീറ്റുകളില്‍ നിന്ന് സീറ്റ് തിരിച്ചെടുക്കുന്നത് നീതികേടാണെന്നാണ് മാണി പറയുന്നത്.

എന്നാല്‍, കോണ്‍ഗ്രസ് ജില്ലാ നേതൃത്വം മൂന്നു പേരടങ്ങുന്ന സാധ്യതാ പട്ടിക കെപിസിസി നേതൃത്വത്തിനു നല്‍കിക്കഴിഞ്ഞു. ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ സീറ്റ് സംബന്ധിച്ച അന്തിമധാരണയുണ്ടാക്കാമെന്ന ഉറപ്പ് ഇരുകൂട്ടര്‍ക്കുമില്ല. അതേസമയം, തര്‍ക്കമില്ലാത്ത സീറ്റുകളുടെ കാര്യത്തില്‍ പരമാവധി ധാരണയുണ്ടാക്കാനാവും ഇരുകക്ഷികളും ശ്രമിക്കുക. കുട്ടനാട് സീറ്റിനു വേണ്ടിയും കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News