ബസേലിയസ് കോളജില്‍ അക്രമം കാട്ടിയ മുഖ്യമന്ത്രിയുടെ ബന്ധുവിനെതിരെ കേസ്; കുഞ്ഞ് ഇല്ലംപിള്ളിയെ അറസ്റ്റ് ചെയ്‌തേക്കും

കോട്ടയം: ബസേലിയസ് കോളജില്‍ കത്തിവീശി അക്രമം കാട്ടിയ മുഖ്യമന്ത്രിയുടെ ബന്ധുവും സഹകരണ ബാങ്ക് പരീക്ഷാ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനുമായ കുഞ്ഞ് ഇല്ലംപിള്ളിക്കെതിരെ പൊലീസ് കേസെടുത്തു. കോളജില്‍ അക്രമം കാണിച്ചതിനും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനുമാണ് കോട്ടയം പൊലീസ് കേസെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. മകളുടെ പരാതിയെ കുറിച്ച് സംസാരിക്കാന്‍ വന്ന കുഞ്ഞ്, പ്രിന്‍സിപ്പാളിനെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. പിന്നീടാണ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ കത്തിയെടുത്ത് വീശിയത്.

ഏതാനും വിദ്യാര്‍ത്ഥികള്‍ മോശമായി സംസാരിച്ചതായും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുഞ്ഞ് ഇല്ലംപിള്ളിയുടെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ മകള്‍ കോളജ് പ്രിന്‍സിപ്പാള്‍ അലക്‌സാണ്ടര്‍ വി ജോര്‍ജിന് പരാതി നല്‍കിയിരുന്നു. ഈമാസം 1ന് ലഭിച്ച പരാതി അന്നുതന്നെ പൊലീസില്‍ അറിയിച്ച പ്രിന്‍സിപ്പാള്‍ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഇവരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇല്ലംപിള്ളി കോളജിലെത്തിയത്. മകള്‍ക്കനുകൂലമായി നിലപാടെടുക്കണമെന്ന ഇല്ലംപിള്ളിയുടെ നീക്കത്തിന് വഴങ്ങണമെന്ന ആവശ്യം നിരാകരിച്ച പ്രിന്‍സിപ്പാളിനെ കയ്യേറ്റം ചെയ്ത് അസഭ്യം ചൊരിയുകയായിരുന്നു.

ബഹളം കേട്ട് എത്തിയ ജീവനക്കാരുടെ സാന്നിദ്ധ്യത്തില്‍ ഇല്ലംപിള്ളിയെ മുറിയില്‍ നിന്ന് ഇറക്കിവിട്ടു. കോളജിന്റെ മുറ്റത്തെത്തിയ ഇല്ലംപിള്ളി പ്രിന്‍സിപ്പാളിന്റെ പേരു പറഞ്ഞ് അസഭ്യം പറച്ചില്‍ തുടരുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തു. ഇതോടെ പേപ്പറില്‍ പൊതിഞ്ഞുകൊണ്ടുവന്ന കത്തിയെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വീശി. മുഖ്യമന്ത്രിയുടെ ബന്ധുവായതിനാല്‍ തന്നെ ആരും ഒരു ചുക്കും ചെയ്യില്ലെന്നും തന്നെ തൊട്ടാല്‍ കൊല്ലുമെന്നും വിദ്യാര്‍ത്ഥികളോട് ഇയാള്‍ ഭീഷണി മുഴക്കി. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സംഭവമറിഞ്ഞെത്തിയതോടെ കോണ്‍ഗ്രസ് അനുകൂലികളായ ചിലര്‍ ഇടപെട്ട് കുഞ്ഞ് ഇല്ലംപിള്ളിയെ ഓട്ടോറിക്ഷയില്‍കയറ്റി അയക്കുകയായിരുന്നു.

ഈ ദൃശ്യങ്ങള്‍ കോളജിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ അലക്‌സാണ്ടര്‍ വി ജോര്‍ജ് കോട്ടയം ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കി. കോട്ടയം ക്രൈംബ്രാഞ്ച് എസ്‌ഐയെ ആക്രമിച്ച സംഭവത്തില്‍ കുഞ്ഞ് ഇല്ലംപിള്ളിയെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബന്ധുവാണെന്ന ബലത്തില്‍ ഇയാള്‍ ഭരണസംവിധാനത്തെ സ്വാധീനിച്ച് കേസ് ഇല്ലാതാക്കി. തുടര്‍ന്നാണ് സംസ്ഥാന സഹകരണബാങ്ക് പരീക്ഷാ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News