ഫാറൂഖ് കോളജില്‍ ലിംഗവിവേചനമുണ്ടായെന്ന് യൂത്ത് കമ്മീഷന്‍ റിപ്പോര്‍ട്ട്; കാന്റീനില്‍ ആണ്‍-പെണ്‍ വേര്‍തിരിവുണ്ടാകാന്‍ പാടില്ലെന്നും സ്വയംഭരണ പദവി ദുരുപയോഗിക്കരുതെന്നും നിര്‍ദേശം

തിരുവനന്തപുരം: ഒന്നിച്ചിരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പുറത്താക്കിയ കോഴിക്കോട് ഫാറൂഖ് കോളജില്‍ ലിംഗവിവേചനം നടന്നതായി സംസ്ഥാന യൂത്ത് കമ്മീഷൻ റിപ്പോര്‍ട്ട്. ലിംഗസമത്വം ഹനിക്കുന്ന രീതിയില്‍ കോളജ് കാന്റീനില്‍ അടക്കം പ്രത്യേക വേര്‍തിരിവുകള്‍ നടത്തിയ കോളജ് മാനേജ്‌മെന്റ് ഗുരുതരമായ പിഴവു വരുത്തിയതായും വിലയിരുത്തി. കാമ്പസില്‍ ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ സ്ഥല ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും പിതാവിനെ മാത്രം രക്ഷിതാവായി കാണുന്ന രീതി ഒഴിവാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കാന്റീനിലും വിശ്രമഇടത്തിലും വേര്‍തിരിവുണ്ടാക്കിയത് ലിംഗ സമത്വം ഹനിക്കുന്ന പ്രത്യക്ഷ നടപടിയാണ്. മറ്റു കോളജിലുള്ളതു പോലെ സ്റ്റാഫ്, വിദ്യാര്‍ഥികള്‍ എന്നിങ്ങനെയുള്ള വേര്‍തിരിവാണ് വേണ്ടത്. 70 ശതമാനം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജില്‍ ആണ്‍കുട്ടികള്‍ക്ക് ഇരിക്കാന്‍ ഇടം ലഭിക്കില്ലെന്നപേരിലാണ് പ്രത്യേകം റെസ്റ്റ് സോണുകള്‍ ഏര്‍പ്പെടുത്തിയതെന്ന കോളജിന്റെ വാദം വിശ്വസിക്കാനാവില്ല. കോളജ് അധികൃതരുടെ നടപടി ന്യായീകരിക്കാന്‍ ഒരുപറ്റം വിദ്യാര്‍ഥികളെ ഉപയോഗിച്ചതായും കമ്മീഷന്‍ കണ്ടെത്തി.

ടീമുകള്‍ ലിംഗപരമായി സംഘടിപ്പിക്കുന്നതു വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരമാണെന്ന ന്യായം നിലനില്‍ക്കുന്നില്ല. നാടക മത്സരങ്ങളില്‍നിന്നു മാറി നില്‍ക്കാനുള്ള കോളജിന്റെ തീരുമാനം ആണ്‍ പെണ്‍ ഇടപഴകല്‍ ഒഴിവാക്കാനുള്ളതാണെന്നു വ്യക്തമായി. സ്ഥിരം ഈ ഇനത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്ന കോളജ് മത്സരത്തില്‍നിന്നു പിന്‍മാറിയതിനു ബോധ്യമാകാവുന്ന ന്യായങ്ങള്‍ ഒന്നും നിരത്താന്‍ കോളജിന് സാധിച്ചിട്ടില്ല. കടുത്ത മാനസിക സമ്മര്‍ദത്തിനിടയിലും നിരവധി വിദ്യാര്‍ഥികള്‍ കോളജിലെ ലിംഗ വിവേചനത്തിനെതിരേ കമ്മീഷനു മൊഴി നല്‍കി. ഈസാഹചര്യത്തില്‍ ആരോപണം തള്ളാന്‍ കമ്മീഷനു കഴിയില്ല. കാമ്പസില്‍ കാമറകള്‍ വച്ചിരിക്കുന്ന സ്ഥലത്തു കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന ബോര്‍ഡ് വയ്ക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

ആണ്‍കുട്ടികള്‍ക്കു പ്രത്യേകം റെസ്റ്റ് സോണുകള്‍ പാടില്ല. രക്ഷിതാവിനെ വിളിച്ചു കൊണ്ടുവരാന്‍ പറഞ്ഞാല്‍ മാതാവിനെ കൊണ്ടുവന്നാല്‍ അത് അംഗീകരിക്കണം. കോളജില്‍ അച്ചടക്കം നിലനിര്‍ത്താന്‍ പ്രിന്‍സിപ്പലിന് അധികാരമുണ്ട്. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കാന്‍ പാടില്ല. സ്വയംഭരണ കോളജുകള്‍ തങ്ങള്‍ക്കു പുതിയ അധികാരം ലഭിച്ച ധാരണയില്‍ സര്‍ക്കാരിന് ഉപരിയായി അനാവശ്യ നിയന്ത്രണങ്ങളും ഉപാധികളും വിദ്യാര്‍ഥികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത ശ്രദ്ധയില്‍ പെട്ടതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News