ഇപിഎഫ് നികുതി തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേക്കും; തീരുമാനം പ്രതിപക്ഷത്തിന്റെയും തൊഴിലാളി സംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്ന്

ദില്ലി: തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടിന്മേല്‍ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ തിരുത്തും. പ്രതിപക്ഷത്തിന്റെയും തൊഴിലാളി യൂണിയനുകളുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനത്തില്‍നിന്ന് പിന്മാറുന്നത്. നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് പ്രഖ്യാപനം പുനഃപരിശോധിക്കാന്‍ ധനമന്ത്രിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നികുതി നീക്കം പിന്‍വലിക്കാനുള്ള തീരുമാനം ബജറ്റിന്മേലുള്ള മറുപടി പ്രസംഗത്തില്‍ ധനമന്ത്രി പാര്‍ലമെന്റിനെ അറിയിക്കും.

എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും പിന്‍വലിക്കുന്ന തുകയ്ക്കു നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്നാണ് നികുതി നിര്‍ദ്ദേശം പുനപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. തൊഴിലാളി സംഘടനകളുടെയും പ്രതിപക്ഷത്തിന്റേയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തില്‍ വിഷയം ഉയര്‍ന്നതോടെ പ്രധാനമന്ത്രി ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.തീരുമാനം പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി ജയറ്റലിക്ക് നിര്‍ദേശം നല്‍കിയതായാണ് സൂചന. ചൊവ്വാഴ്ച്ച പാര്‍ലമെന്റില്‍ ബജറ്റിന്‍മേലുളഌമറുപടി പ്രസംഗത്തില്‍ ധനമന്ത്രി ഇപിഎഫ്‌ന് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിച്ചേക്കും.

ഭാഗികമായോ പിന്‍വലിക്കുമോ പൂര്‍ണ്ണമായി പിന്‍വലിക്കുമോ എന്നാണ് ഇപിഎഫ് നിക്ഷേപകര്‍ ഉറ്റു നോക്കുന്നത്. ഭാഗികമായി പിന്‍വലിക്കാനാണ് തീരുമാനമെങ്കില്‍ നിലവിലെ നിക്ഷേപകര്‍ക്ക് ഇളവ് അനുവദിച്ചേക്കും. 2016 ഏപ്രില്‍ മുതല്‍ ഇപിഎഫ് പദ്ധതിയില്‍ ചേരുന്ന ജീവനക്കാരെ ഉള്‍പ്പെടുത്തിയാകും ഇളവ് നല്‍കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here