രോഹിത് വെമുലയുടെ പാത പിന്തുടരാന്‍ തന്നെ പ്രേരിപ്പിക്കുന്നെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷകന്‍; അന്വേഷണം ആരംഭിച്ചെന്ന് അധികൃതര്‍

തൃശൂര്‍: ദളിത് ഗവേഷണ വിദ്യാര്‍ത്ഥിക്ക് കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ പീഡനമെന്ന് പരാതി. പ്രബന്ധം സമര്‍പ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് വിദ്യാര്‍ത്ഥി പരാതി നല്‍കി. രോഹിത് വെമൂലയുടെ പാത പിന്തുടരാന്‍ നിര്‍ബന്ധിതനാകുന്നുവെന്ന് തമിഴ്നാട് സ്വദേശിയായ ടി. രാജേഷ് പരാതിയില്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നാണ് സര്‍വ്വകലാശാല അധികൃതരുടെ വിശദീകരണം.

കാര്‍ഷിക സര്‍വ്വകലാശാല ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിയും തമിഴ്നാട് സ്വദേശിയുമായ ടി. രാജേഷാണ് സര്‍വ്വകലാശാലയ്ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. ഗവേഷണത്തിന്റെ ഭാഗമായുള്ള പ്രബന്ധം 2015 ജൂണ്‍ മാസം സമര്‍പ്പിച്ചെങ്കിലും സര്‍വ്വകലാശാല അധികൃതര്‍ സ്വീകരിച്ചില്ല. സര്‍വ്വകലാശാലയില്‍ ഗവേഷണം ആരംഭിച്ചതുമുതല്‍ മോശം പെരുമാറ്റം, വിവേചനം, അധിക്ഷേപം തുടങ്ങിയവ നേരിടേണ്ടി വന്നിട്ടുണ്ടന്നും ഇതിന്റെ ഭാഗമായാണ് തന്റെ പ്രബന്ധം സ്വീകരിക്കാത്തതെന്നും വൈസ് ചാന്‍സര്‍ക്ക് അയച്ച പരാതിയില്‍ രാജേഷ് വ്യക്തമാക്കി. അന്തസോടെ ജീവിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷിക്കുന്ന പരാതിയില്‍ തമിഴ്നാട് സര്‍വ്വകലാശാലയില്‍ നിന്ന് സ്വര്‍ണ മെഡലോടെയാണ് താന്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയതെന്നും വ്യക്തമാക്കുന്നു. രോഹിത് വെമൂലയുടെ കാല്‍പ്പാടുകള്‍ പിന്തുടരാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് വിവധ സംഘടനകള്‍ രംഗത്തെത്തി.

ഫെബ്രുവരി ഇരുപത്തിയാറിന് പരാതി ലഭിച്ചെന്നും മാര്‍ച്ച് മൂന്നിന് അന്വേഷണം ആരംഭിച്ചെന്നും സര്‍വ്വകലാശാല രജിസ്ട്രാര്‍ പി.വി ബാലചന്ദ്രന്‍ വ്യക്തമാക്കി. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദവും ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ രാജേഷ് പരസ്യ പ്രതികരണത്തിന് തയ്യാറായില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here