കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താനില്‍നിന്നു തുടങ്ങുന്ന ഭൂഗര്‍ഭ തുരങ്കം ഇന്ത്യക്കു ഭീഷണിയെന്ന് സൈന്യം; ഭീകരാക്രമണം ലക്ഷ്യമിട്ടെന്ന് നിഗമനം

ദില്ലി: കശ്മീരില്‍ ഇന്ത്യാ-പാക് അതിര്‍ത്തിക്കു ഭൂഗര്‍ഭമായി കണ്ടെത്തിയ തുരങ്കം രാജ്യസുരക്ഷ അപായപ്പെടുത്താന്‍പോന്നതെന്ന് അതിര്‍ത്തി രക്ഷാ സേന. കഴിഞ്ഞദിവസമാണ് ജമ്മു ജില്ലയിലെ ആര്‍ എസ് പുര സെക്ടറില്‍ അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നുവരുന്ന വിധം തുരങ്കം കണ്ടെത്തിയത്. ഭൂമിക്കടിയില്‍ പത്തടി താഴെയാണ് മുപ്പതു മീറ്ററോളം ദൈര്‍ഘ്യമുള്ള തുരങ്കം നിര്‍മിച്ചത്.

നുഴഞ്ഞുകയറ്റത്തിനായി നിര്‍മിച്ചതാണ് തുരങ്കമെന്നു സംശയിക്കുന്നതായി ബിഎസ്എഫ് ഐജി രാകേഷ് ശര്‍മ പറഞ്ഞു. ഏറെക്കാലമായി ഭീകരര്‍ ലക്ഷ്യം വയ്ക്കുന്ന ജമ്മു പത്താന്‍കോട്ട് ദേശീയപാതയിലെ സൈനിക, പൊലീസ് കേന്ദ്രങ്ങള്‍ ഈ തുരങ്കത്തിലൂടെ എത്തിയാല്‍ നിഷ്പ്രയാസം ആക്രമിക്കാന്‍ സാധിക്കും. സാംബ, കത്വ ജില്ലകളിലേക്കും അനായാസം എത്തിപ്പെടാന്‍ സാധിക്കും. മുമ്പ് അറസ്റ്റിലായ ഭീകരരില്‍ പലരും ചോദ്യം ചെയ്യലിനിടെ തുരങ്കത്തെക്കുറിച്ചു പറഞ്ഞിരുന്നതായും രാകേഷ് ശര്‍മ പറഞ്ഞു.

കഴിഞ്ഞദിവസം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചു പരിശോധിച്ചപ്പോഴാണ് തുരങ്കം കണ്ടെത്തിയത്. ഇതേത്തുടര്‍ന്നു ഫ്‌ളാഗ് മീറ്റിംഗ് വിളിച്ചിരുന്നു. തര്‍ക്കപ്രദേശത്താണ് തുരങ്കമെന്നാണ് പാകിസ്താന്‍ റേഞ്ചേഴ്‌സ് അവകാശപ്പെട്ടത്. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതു പാകിസ്താന്‍ നിര്‍മിച്ചതാണെന്ന് ഇന്ത്യ സമര്‍ഥിച്ചു. അന്വേഷണത്തില്‍ പങ്കാളികളാകണമെന്ന് പാകിസ്താന്‍ സൈന്യത്തോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പും പലപ്പോഴും നുഴഞ്ഞുകയറ്റം ലക്ഷ്യമിട്ട് ഇന്ത്യന്‍ അതിര്‍ത്തിക്കിപ്പുറത്തേക്ക് പാകിസ്താന്‍ തുരങ്കങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News