ഇടതു നേതാവായ വിദ്യാര്‍ഥിനിയെ പുറത്താക്കാന്‍ അലഹാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നീക്കം; നടപടി നേരിടുന്നത് യോഗി ആദിത്യനാഥിനെ തടഞ്ഞ റിച്ച സിംഗ്

അലഹാബാദ്: വിദ്യാര്‍ഥികളുടെ ശബ്ദമായി മാറുന്നവരെ അടിച്ചമര്‍ത്താനുള്ള നീക്കം രാജ്യവ്യാപകമാകുന്നു. അലഹാബാദ് സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായി വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായ പെണ്‍കുട്ടിയാണ് പുറത്താക്കല്‍ ഭീഷണി നേരിടുന്നത്. ഗവേഷണ വിദ്യാര്‍ഥിനിയായ റിച്ച ചട്ടം ലംഘിച്ചാണ് പ്രവേശനം നേടിയതെന്നു കാട്ടിയാണ് സര്‍വകലാശാല നടപടിക്കൊരുങ്ങുന്നത്. എന്നാല്‍ ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാവായതും ബിജെപി എം പി യോഗി ആദിത്യനാഥിനെ കാമ്പസില്‍ തടഞ്ഞതുമാണ് റിച്ചയ്‌ക്കെതിരേ നടപടിക്കു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൈദരാബാദ് സര്‍വകലാശാലയ്ക്കു സമാനമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് അലഹാബാദ് സര്‍വകലാശാല. ആര്‍ട്്‌സ് ഫാക്കല്‍റ്റിയില്‍ ആഗോളവല്‍കരണവും വികസനപഠനവും എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ് റിച്ച. സംവരണ സീറ്റിലാണ് റിച്ച പ്രവേശനം നേടിയതെന്നു കാട്ടിയാണ് ഇപ്പോള്‍ സര്‍വകലാശാല ഇവരെ പുറത്താക്കാന്‍ ഒരുങ്ങുന്നത്. സര്‍വകലാശാലയിലെ ഉദ്യോഗസ്ഥപ്പിഴവാണ് ഇതിനു കാരണമായത്. റിച്ച അറിയാതെ സംഭവിച്ച കാര്യം ചൂണ്ടിക്കാട്ടി ഇപ്പോള്‍ നടപടിയെടുക്കുന്നത് ഇടതുപക്ഷക്കാരിയായതിലുള്ള പ്രതികാരം തീര്‍ക്കലാണെന്നാണ് റിപ്പോര്‍ട്ട്.

വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ റിച്ച പരാജയപ്പെടുത്തിയ രജനീഷ് കുമാര്‍ എന്ന വിദ്യാര്‍ഥിയുടെ പരാതിയിലാണ് ഇപ്പോള്‍ നടപടിക്കു നീക്കം. ഇടതുപക്ഷക്കാരിയായ റിച്ച ഹോസ്റ്റലില്‍ നിയമം പാലിക്കുന്നയാളല്ലെന്നും പരാതിയില്‍ വ്യക്തമായി പറയുന്നു. സംഘപരിവാര്‍ അനുകൂല സംഘടനയായ പ്രതിയോഗി ഛത്ര മോര്‍ച്ചയുടെ സ്ഥാനാര്‍ഥിയായാണ് രജനീഷ് മത്സരിച്ചിരുന്നത്. അടുത്തിടെ കാമ്പസില്‍ സന്ദര്‍ശനത്തിനെത്തിയ ബിജെപി എംപി യോഗി ആദിത്യനാഥിനെ തടയുന്നതിന് റിച്ച നേതൃത്വം നല്‍കിയതോടെയാണു പ്രതികാര നടപടികള്‍ ആരംഭിച്ചത്. യൂണിയന്‍ ഉദ്ഘാടനത്തിനായാണ് യോഗി ആദിത്യ നാഥ് എത്തിയത്. എബിവിപിക്ക് ആധിപത്യമുള്ള യൂണിയന്റെ തീരുമാനത്തെയും റിച്ച എതിര്‍ത്തിരുന്നു.

കനയ്യ കുമാറിന്റെ അറസ്റ്റിനെതിരായി ജെഎന്‍യു കാമ്പസില്‍ എത്തി പ്രസംഗിച്ച വനിതാ നേതാവുകൂടിയാണ് റിച്ചസിംഗ്. ജനുവരിയില്‍ ദ ഹിന്ദു പത്രത്തിന്റെ മുന്‍ പത്രാധിപര്‍ സിദ്ധാര്‍ഥ് വരദരാജനെ മുഖ്യാതിഥിയാക്കി റിച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാറിന് സര്‍വകലാശാല അനുമതി നിഷേധിച്ചിരുന്നു. എബിവിപിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News