സഖാവ് കനയ്യയ്ക്ക് ഹൃദയത്തില്‍നിന്നൊരു ലാല്‍സലാം; 28കാരന്‍ കാളിയമര്‍ദ്ദനം നടത്തിയത് സംഘപരിവാരത്തിന്റെ 56ഇഞ്ച് വീതിയുള്ള നെഞ്ചില്‍; എംബി രാജേഷ് എംപിയുടെ ഫേസ്ബുക് പോസ്റ്റ്

പാലക്കാട്: കനയ്യ കുമാര്‍ എന്ന 28കാരന്‍ പയ്യന്‍ കാളിയമര്‍ദ്ദനം നടത്തിയത് സംഘപരിവാരത്തിന്റെ 56 ഇഞ്ച് വീതിയുള്ള നെഞ്ചില്‍ ആയിരുന്നുവെന്ന് എംബി രാജേഷ് എംപി. ശ്രീകൃഷ്ണന്‍ കാളിയന്റെ പത്തിയില്‍ നര്‍ത്തനമാടിയതുപോലെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വിഷപ്പത്തി ചവിട്ടി മെതിച്ച ഒരു കാളിയമര്‍ദ്ദനമായിരുന്നു ജയില്‍ മോചിതനായ കനയ്യ ജെഎന്‍യുവില്‍ നടത്തിയ പ്രസംഗം. വാക്കുകള്‍ക്ക് വെടിയുണ്ടകളേക്കാള്‍ സ്‌ഫോടന ശക്തിയുണ്ടെന്ന് തെളിയിച്ച പ്രസംഗം. ഒരു പ്രസംഗത്തിനു വേണ്ട എല്ലാ ഗുണങ്ങളും അതില്‍ ഒത്തിണങ്ങിയിരുന്നു എന്നും എംബി രാജേഷ് എംപി ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.

തികഞ്ഞ ആശയ വ്യക്തത, അതിനൊത്ത രാഷ്ട്രീയ മൂര്‍ച്ച. ഏത് സാധാരണക്കാരനുമായും അനായാസേന ആശയവിനിമയം സാധ്യമാക്കുന്ന ലാളിത്യം, നര്‍മ്മം, പരിഹാസം, യുക്തിഭദ്രത, വാക്കുകളുടെ ഒഴുക്ക്, സ്വാഭാവികത. എതിരാളികളെക്കുറിച്ച് പറയുമ്പോഴും പുലര്‍ത്തിയ അന്തസ്സും മിതത്വവും ഇതെല്ലാം ആ പ്രസംഗത്തെ അനുപമമാക്കി. കാരാഗ്രിഹത്തിന് തളക്കാനാവാത്ത പോരാട്ടവീര്യം അതിലുടനീളം സ്ഫുരിച്ചു നിന്നുവെന്നും എംബി രാജേഷ് എംപി ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

കനയ്യയോട് സംവാദത്തിന് ധൈര്യമില്ലാത്തവര്‍ പതിവുപോലെ തെറിവിളിച്ചു തുടങ്ങിയിട്ടുണ്ട്. അവരോട് ക്ഷമിക്കാം. അവര്‍ക്കതല്ലാതെ എന്ത് ചെയ്യാനറിയാം. അവര്‍ വിളിക്കുന്ന ഓരോ തെറിയും ഉത്തരം മുട്ടിയ പരാജിതരുടെ ദീനരോദനങ്ങളാണ്. സഖാവ് കനയ്യ, ഹൃദയത്തില്‍ നിന്നൊരു ലാല്‍സലാം.! എംബി രാജേഷ് എംപി ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെ.

എംബി രാജേഷ് എംപിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം.

കന്‍ഹയ്യ എന്നാല്‍ ഹിന്ദിയില്‍ കൃഷ്ണന്‍ എന്നര്‍ത്ഥം. സാക്ഷാല്‍ ശ്രീകൃഷ്ണന്‍ കാളിയന്‍റെ പത്തിയില്‍ നര്‍ത്തനമാടിയതുപോലെ സംഘ…

Posted by M.B. Rajesh on Saturday, 5 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News