ഗുജറാത്തിലേക്ക് പത്തു ഭീകരരെത്തിയെന്ന് പാക് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; കൊല്‍ക്കത്ത വിമാനത്താവളം തകര്‍ക്കുമെന്ന് ഇമെയില്‍; എന്‍എസ്ജി സംഘം ഗുജറാത്തിലേക്ക്

ദില്ലി: ഗുജറാത്തിലേക്കു പത്തു ഭീകരരെത്തിയെന്ന പാക് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെയും കൊല്‍ക്കത്ത വിമാനത്താവളം ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ബോംബ് വച്ചു തകര്‍ക്കുമെന്ന ഇമെയിലിന്റെയും പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസിര്‍ ഖാന്‍ ജന്‍ജുവയാണ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. അതിനിടെ, ഗുജറാത്തിലെ ഭുജ് സൈനിക താവളത്തിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. എന്‍എസ്ജി സംഘം ഗുജറാത്തിലേക്കു തിരിച്ചിട്ടുണ്ട്.

ശിവരാത്രി ദിവസം രാജ്യത്ത് തീവ്രവാദ ആക്രമണങ്ങള്‍ ലക്ഷ്യമിട്ടാണ് ഭീകരര്‍ ഇന്ത്യയിലെത്തിയതെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നത്. ഗുജറാത്തിലെ ഭുജ് തീരത്തു കഴിഞ്ഞദിവസം മൂന്നു പാക് ബോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതു തീവ്രവാദികള്‍ ഇന്ത്യയിലേക്കെത്താന്‍ ഉപയോഗിച്ചതായിരിക്കാമെന്നാണ് സൂചന. ശിവരാത്രി ദിവസം ആക്രമണ സാധ്യത മുന്നില്‍ കണ്ട് ആരാധനാലയങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കു സുരക്ഷ കര്‍ശനമാക്കി. വാഹനപരിശോധനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് സംഘങ്ങളിലെ അംഗങ്ങളാണ് ഗുജറാത്തില്‍ എത്തിയതെന്നാണ് വിവരം. ഭീഷണിയുടെ വെളിച്ചത്തില്‍ ഗുജറാത്തിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിലയിരുത്തി. കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് ദില്ലിയില്‍നിന്നു ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ ഗുജറാത്തിലേക്കു തിരിച്ചത്.

ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ കൊല്‍ക്കത്ത വിമാനത്താവളത്തിലേക്കു ഭീഷണി സന്ദേശം എത്തിയത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ബോംബ് വച്ചു തകര്‍ക്കുമെന്നായിരുന്നു ലഭിച്ച അജ്ഞാത ഇ മെയില്‍ സന്ദേശം. എയര്‍പോര്‍ട്ട് മാനേജര്‍ക്കാണ് ഭീഷണി ലഭിച്ചത്. സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിനും പരിസരപ്രദേശങ്ങള്‍ക്കും സുരക്ഷ കര്‍ശനമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News