‘ഞാന്‍ ആരാണെന്ന് ലോകം അറിയണം, ഒളിച്ചോടിയും മറ പിടിച്ചും ജീവിക്കേണ്ടവരല്ല എച്ച്‌ഐവി ബാധിച്ചവര്‍’; അക്ഷരയെ വേട്ടയാടുന്നത്. എയ്ഡ്‌സൊ? നമ്മളൊ? 

അക്ഷരവെളിച്ചത്തിലേക്ക് ജീവിതം നടന്നെത്താന്‍ അക്ഷരയ്ക്ക് തടസം ആരെന്ന ചോദ്യമാണ് ശനിയാഴ്ച പകല്‍ 2.30ന് കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഉയര്‍ന്നത്. എച്ച്‌ഐവി പോസിറ്റീവാണെന്ന കാരണം കൊണ്ട് മാത്രം കോളേജില്‍ താമസിച്ച് പഠിക്കാനുള്ള സാഹചര്യം ഇല്ലാതായപ്പോഴാണ് കൊട്ടിയൂരിലെ അക്ഷര കളക്ടറെ തേടിയെത്തിയത്.

അതെ, ഇത് അക്ഷരയാണ്. 2003ല്‍ കൊട്ടിയൂര്‍ എല്‍പി സ്‌കൂളില്‍ നിന്നും എച്ച്‌ഐവി പോസിറ്റീവായതിനാല്‍ പുറത്താക്കിയ അക്ഷരയും അനന്തവും. രണ്ടാംതരത്തിലേക്കുള്ള പ്രവേശന സമയത്ത് എയ്ഡ്‌സ് ബാധിച്ച് അച്ഛന്‍ മരണപ്പെട്ടതോടെയാണ് അക്ഷരയും അനന്തുവും കേരളത്തിന്റെ നൊമ്പരമായത്. സ്‌കൂളില്‍ നിന്നും രോഗത്തിന്റെ പേരില്‍ കുട്ടികളെ പുറത്താക്കിയത് കേരളം പ്രതിഷേധത്തോടെ ചര്‍ച്ച ചെയ്തു. തന്റെ രോഗത്തോട് പോരാടി പഠനത്തില്‍ മികച്ച വിജയം കൈവരിച്ച് കോളേജിലെത്തിയപ്പോഴും വേട്ടയാടലുകള്‍ക്ക് അക്ഷരയുടെ ജീവിതത്തില്‍ മാറ്റമില്ല. ആരാണ് അക്ഷരയെ വേട്ടയാടുന്നത്. എയ്ഡ്‌സൊ.? അതോ.. നമ്മളൊ.?

‘ഞാന്‍ ആരാണെന്ന് ലോകം അറിയണം, ഒളിച്ചോടിയും മറ പിടിച്ചും ജീവിക്കേണ്ടവരല്ല എച്ച്‌ഐവി ബാധിച്ചവര്‍’

കൂടെയുള്ള സഹപാഠികള്‍ക്കൊ താമസിക്കുന്ന കൂട്ടുകാര്‍ക്കൊ അക്ഷരയുടെ രോഗം പ്രശ്‌നമേയല്ല. കോളേജ് മാനേജ്‌മെന്റിനും അധ്യാപകര്‍ക്കുമാണൊ പ്രശ്‌നമെന്ന് സമൂഹം ചര്‍ച്ച ചെയ്യട്ടെ. രക്ഷിതാക്കളെ പേടിപ്പിച്ച് നിര്‍ത്തുന്നതും കോളേജിലെ പ്രവേശനത്തില്‍ അക്ഷര കാരണം കുറവുണ്ടാകുമെന്ന് പറയുന്നതും ആരാണെന്ന് സമൂഹം തിരിച്ചറിയട്ടെ. തന്റെ ജീവിതത്തില്‍ നിന്നും പിന്‍മാറാനും ഒളിച്ചോടാനും താനില്ലെന്ന് അക്ഷര ഉറപ്പിച്ച് പറയുന്നു. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് എച്ച്‌ഐവി ബാധിതരുടെ ഫോട്ടോയൊ വിവരങ്ങളൊ മാധ്യമങ്ങള്‍ നല്‍കരുതെന്നാണ്. എന്നാല്‍ അക്ഷര പറയുന്നു ”എന്നെ പറയുമ്പോള്‍ എന്റെ വിവരങ്ങളും ഫോട്ടോയും ഉള്‍പെടുത്തണം. ഞാന്‍ ആരാണെന്ന് ലോകം അറിയണം. ഒളിച്ചോടിയും മറ പിടിച്ചും ജീവിക്കേണ്ടവരല്ല എച്ച്‌ഐവി ബാധിച്ചവര്‍”. അവളുടെ ഈ വാക്കുകള്‍ സമൂഹത്തോടുള്ള പ്രതിഷേധമാണ്. രോഗമായാലും പീഢനമായാലും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കാനാണ് നിയമങ്ങള്‍ പോലും പറയുന്നത്. അവിടെ അക്ഷര സ്വന്തം ജീവിതം കൊണ്ട് മാതൃക കാട്ടുന്നു.

akshra-2

2016 ജനുവരി അവസാനവാരത്തിലാണ് അക്ഷരയുടെ രോഗവിവരം വിളയാങ്കോടെ വിറാസ് കോളേജ് അധികാരികള്‍ അറിയുന്നതെന്ന് പ്രിന്‍സിപ്പാള്‍ പറയുന്നു. അക്ഷരയ്ക്ക് പനി പിടിപെട്ടപ്പോള്‍ ക്ഷയരോഗ പരിശോധന നടത്തുകയും ഇത് അവള്‍ തന്റെ അടുത്ത സുഹൃത്തുക്കളോടായി പറയുകയും ചെയ്തു. രോഗം ഉണ്ടെന്ന ധാരണയില്‍ ഹോസ്റ്റലിലെ മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ ആശങ്കാകുലരാവുകയും പ്രിന്‍സിപ്പാളിനോട് പരാതി പറയുകയും ചെയ്തു. എന്നാല്‍ പരിശോധനാ ഫലം വന്നപ്പോള്‍ അക്ഷരയ്ക്ക് ക്ഷയരോഗം ഉണ്ടായിരുന്നില്ല. അപ്പോഴേക്കും രണ്ട് കുട്ടികള്‍ ഹോസ്റ്റല്‍ താമസം ഒഴിവാക്കിയിരുന്നു. അക്ഷര കാരണമാണ് കുട്ടികള്‍ ഹോസ്റ്റല്‍ മതിയാക്കിയതെന്ന ആക്ഷേപം അധ്യാപകര്‍ക്കിടയിലും മാനേജ്‌മെന്റിനും ഉണ്ടായതായി അക്ഷരയുടെ അമ്മ രമ പറഞ്ഞു. ഹോസ്റ്റല്‍ മാറണമെന്ന് വരെ പലരും പറഞ്ഞിരുന്നത്രെ. അവള്‍ കാരണം മറ്റ് കുട്ടികളുടെ പഠനം നിലക്കാതിരിക്കാന്‍ മാനേജ്‌മെന്റ് സ്വീകരിച്ച വഴിയായിരുന്നു മറ്റൊരു താമസ സൗകര്യം.

ഏറെ വിഷമത്തോടെയാണെങ്കിലും അക്ഷരയ്ക്ക് അത് സ്വീകരിക്കേണ്ടി വന്നു. പിലാത്തറ ഹോപിലെ അഗതി മന്ദിരത്തിന് മുകളിലായിരുന്നു അവര്‍ കണ്ടെത്തിയ സ്ഥലം. എച്ച്‌ഐവി ബാധിതയായ കുട്ടിയെ താമസിപ്പിക്കാന്‍ പരിയാരം മുതല്‍ പിലാത്തറ വരെയുള്ള ഒരു കോണ്‍വെന്റ് ഹോസ്റ്റലും തയ്യാറാകാത്തതിനാലാണ് അഗതി മന്ദിരത്തില്‍ താമസിപ്പിച്ചതെന്നാണ് കോളേജിന്റെ വാദം. എന്നാല്‍ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിക്ക് താമസിക്കാനുള്ള സൗകര്യം പോലും അഗതി മന്ദിരത്തില്‍ ഉണ്ടായില്ല. കോളേജിലേക്കുള്ള ദൂരവും വളരെ പ്രയാസം സൃഷ്ടിച്ചു. കുറച്ച് ദിവസം മാത്രം താമസിച്ച് അവള്‍ കോളേജ് പ്രിന്‍സിപ്പാളിനോട് അവിടെ പറ്റില്ലെന്ന് പറഞ്ഞു. ‘പിലാത്തറയില്‍ എവിടെയെങ്കിലും വീട് നോക്കി അവിടെ മാനേജ്‌മെന്റ് സഹായത്തോടെ താമസിപ്പിക്കാം, അമ്മയോടും കൂടെ വന്ന് നില്‍ക്കാന്‍ പറയണം..’ എന്നായിരുന്നു കോളേജിന്റെ നിലപാട്. മറ്റുള്ളവര്‍ക്ക് ഭീഷണിയില്ലാത്ത ഒരു രോഗം പിടിപെട്ടതിന്റെ പേരില്‍ എന്റെ മകളെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്താന്‍ കൂട്ടുനില്‍ക്കില്ലെന്ന നിലപാടാണ് അക്ഷരയുടെ അമ്മ സ്വീകരിച്ചത്.

‘മാറേണ്ടത് ഞങ്ങളല്ല, എച്ച്‌ഐവി രഹസ്യമാക്കി വയ്ക്കണമെന്നും മാറി ജീവിക്കണമെന്നും വാശി പിടിക്കുന്ന സമൂഹമാണ്’

”ചെറിയ പ്രായം മുതല്‍ എന്റെ മക്കള്‍ അനുഭവിക്കുന്നു.. മാറേണ്ടത് ഞങ്ങളല്ല, എച്ച്‌ഐവി രഹസ്യമാക്കി വയ്ക്കണമെന്നും അല്ലെങ്കില്‍ സമൂഹത്തില്‍ നിന്നും മാറി ജീവിക്കണമെന്നും വാശി പിടിക്കുന്ന സമൂഹമാണെന്നും രമ പറഞ്ഞു”. എച്ച്‌ഐവി പകരുന്നത് ഒരേയൊരു മാര്‍ഗത്തിലൂടെയാണെന്നും വേറെ വല്ല വിധേനയും പകരുന്നുണ്ടെങ്കില്‍ അതൊന്നും പറഞ്ഞു തരണമെന്നും വേദനയോടെയാണ് ആ അമ്മ കളക്ടറോട് ആവശ്യപ്പെട്ടത്.

വിളയാങ്കോട് വിറാസ് കോളേജിലെ ഒന്നാം വര്‍ഷ സൈക്കോളജി ബിരുദ വിദ്യാര്‍ഥിയായ അക്ഷരയ്ക്ക് ഒരു മാസമായി ക്ലാസില്‍ കൃത്യമായി പോകാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഐഎഎസാണ് അവളുടെ സ്വപ്നം. പഠിക്കാനും ജീവിക്കാനും അവള്‍ പോരാട്ടം തുടങ്ങിയത് ഒന്നാം ക്ലാസ് മുതല്‍. കൂടെയുള്ള അനുജനും താനും ഇത്രയും വര്‍ഷം കൊട്ടിയൂരില്‍ ജീവിച്ചിട്ടും എത്രയോ പേരുടെ കൂടെ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടും ആര്‍ക്കും രോഗം പകര്‍ന്നില്ല. അവളുടെ ചേച്ചി ആതിരയ്ക്ക് എച്ച്‌ഐവി നെഗറ്റീവാണ്. എയ്ഡ്‌സ് ബാധിതരായ അമ്മയുടെയും രണ്ട് മക്കളുടെയും കൂടെ കഴിയുന്ന ആതിരയ്ക്ക് ഇത്രയും വര്‍ഷത്തിനിടയ്ക്ക് ഒന്നും സംഭവിച്ചില്ല. 2003 ല്‍ അക്ഷരയും അനന്തവും വിവാദമായപ്പോള്‍ അന്നത്തെ സാഹചര്യത്തില്‍ എയ്ഡ്‌സിനെ മനസിലാക്കാന്‍ മാത്രം സമൂഹം വളര്‍ന്നില്ലെന്ന് കരുതി സമാധാനിക്കാം. എന്നാല്‍ രോഗം ബാധിച്ചവര്‍ വീടിനുള്ളില്‍ ഇരിക്കട്ടെയെന്ന സ്വഭാവം തന്നെയാണ് ഇന്നും സമൂഹം കാണിക്കുന്നതെന്നതിന്റെ ഇരയാണ് അക്ഷര.

കേളേജുകളും താമസ സ്ഥലവും മാറാന്‍ നിന്നാല്‍ ആ ഓട്ടം ജീവിത കാലം അവസാനിക്കില്ല. ഈ കാലംവരെ ജിവിതത്തോട് പോരാടി ജീവിച്ച അക്ഷരയെ മാതൃകയാക്കാനാണ് സമൂഹം തയ്യാറാകേണ്ടതെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി ബാലകിരണ്‍ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ചക്കുള്ളില്‍ അവളെ കോളേജില്‍ പഠിപ്പിക്കുന്നതും താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റിന്റെ തീരുമാനം അറിയിക്കണമെന്ന് കളക്ടര്‍ ഉത്തരവ് നല്‍കി. എയ്ഡ്‌സുമായി ബന്ധപ്പെട്ട് സജീവമായ ബോധവല്‍കരണം നടത്താനും യോഗത്തില്‍ തീരുമാനിച്ചു.

ഒരു കാര്യത്തില്‍ നമുക്ക് ഉറപ്പിച്ച് പറയാം, ഇന്ന് അക്ഷരയുടെ രോഗം പകരുമെന്ന് പേടിച്ച് അവളെ ഒറ്റപ്പെടുത്തുന്നവര്‍ക്കാര്‍ക്കും അവള്‍ അനുഭവിച്ച വേദനകളുടെ പകുതിപോലും താങ്ങാനുള്ള ശേഷിയുണ്ടാകില്ല. അവളുടെ സ്ഥാനത്ത് മറ്റേതെങ്കിലും പെണ്‍കുട്ടിയാണെങ്കില്‍ ചുരുങ്ങിയത് മൂന്ന് തവണ ആത്മഹത്യ ചെയ്തിട്ടുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here