മാധ്യമപ്രവര്‍ത്തകയ്ക്ക് വധഭീഷണി, അശ്ലീലസന്ദേശം; ബിഎംഎസ് തിരുവനന്തപുരം ജില്ലാ നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോഓര്‍ഡിനേറ്റര്‍ സിന്ധു സൂര്യകുമാറിനെ വധിക്കുമെന്നും അശ്ലീലം പറയുകയും ചെയ്ത കേസില്‍ ബിഎംഎസ് നേതാവ് അറസ്റ്റില്‍. ബിഎംഎസ് തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്‍ തമ്പിയെ ആണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

‘സിന്ധു സൂര്യകുമാറിനെ കണ്ടാല്‍ കൊല്ലും, സത്യം’ എന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനും ബിഎംഎസ് നേതാവുമായ ഗോവിന്ദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണി ഉയര്‍ത്തിയത്.

കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഗോവിന്ദ് ആര്‍ തമ്പിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസ്- ബിഎംഎസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പൊലീസ് രംഗത്തുവന്നതോടെ കൂടുതല്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ സംഘടിച്ച് പൊലീസ് സ്റ്റേഷന്‍ പരിസരത്തേക്കെത്തി. കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചാണ് ആര്‍എസ്എസ് ഭീഷണിയില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ സംരക്ഷിച്ചത്. ഇതിനിടെ, ഗോവിന്ദ് ആര്‍ തമ്പി കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യം നേടി.

ചാനല്‍ ചര്‍ച്ചയില്‍ ദുര്‍ഗാ ദേവിയെ അധിക്ഷേപിച്ചെന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് സിന്ധു സൂര്യകുമാറിനെ ഭീഷണിപ്പെടുത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള സംഘടിത ശ്രമമാണ് ഉണ്ടായത്. സംഭവവുമായി ബന്ധമില്ലെന്ന് ബിജെപി നേതൃത്വം പറഞ്ഞിരുന്നെങ്കിലും ആര്‍എസ്എസ്-ബിഎംഎസ് പ്രവര്‍ത്തകര്‍ പിടിയിലായതോടെ അത് പൊളിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News