കലാഭവന്‍ മണി അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍; കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

കൊച്ചി: പ്രശസ്ത ചലച്ചിത്രതാരം കലാഭവന്‍ മണി അന്തരിച്ചു. 45 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 7.15ഓടെ മണിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കരള്‍ രോഗബാധയെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക് അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായിരുന്ന മണി കുറച്ചുകാലമായി കരള്‍രോഗത്തിനു ചികിത്സയിലായിരുന്നു.

തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ 1971 ജനുവരി ഒന്നിനാണ് മണിയുടെ ജനനം. കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് മണി കലാരംഗത്ത് സജീവമായത്. നാടന്‍ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി ശ്രീ അറുമുഖന്‍ വെങ്കിടങ്ങ് എഴുതിയ നാടന്‍ വരികളും നാടന്‍ ശൈലിയില്‍ത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്. മണി രചിച്ച് ഈണമിട്ടു പാടിയ നാടന്‍ പാട്ടുകള്‍ മലയാളത്തില്‍ വലിയ തരംഗമുണ്്ടാക്കിയിരുന്നു.

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രശംസ പിടിച്ചുപറ്റി.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് 2000ല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി. സംസ്ഥാന തലത്തിലും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. 2002ല്‍ ജെമിനി എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് ഫിലിം ഫെയറിന്റെ മികച്ച വില്ലന്‍ വേഷത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം, കേരള സര്‍ക്കാരിന്റെ സ്‌പെഷല്‍ ജൂറി പ്രൈസ്, സത്യന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ്, ലക്‌സ് ഏഷ്യാനെറ്റ് അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ മണിയെ തേടിയെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News