വിടവാങ്ങിയത് മലയാള ചലച്ചിത്രലോകത്ത് തനത് ഹാസ്യസാമ്രാജ്യം സൃഷ്ടിച്ച അതുല്യ നടന്‍; നാടന്‍പാട്ടിന് പുതുജീവന്‍ നല്‍കിയ സാധാരണക്കാരനായ കലാകാരന്‍

മലയാള ചലച്ചിത്ര ലോകത്ത് തനതായ ഹാസ്യ സാമ്രാജ്യം സൃഷ്ടിച്ച നിരവധി പേരുണ്ട്. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി സ്വന്തം വഴി തെളിച്ചാണ് കലാഭവന്‍ മണി മലയാളത്തിലെ ചലച്ചിത്ര ആസ്വാദകരുടെ മനസിലേക്ക് കടന്നുവരുന്നത്. ഒപ്പം നാടന്‍ പാട്ടുകള്‍ക്ക് പുതുജീവന്‍ നല്‍കി.

ഹാസ്യം മുതല്‍ സഹനടനായും നായകനായും വില്ലന്‍ വേഷത്തിലും കലാഭവന്‍ മണി തിളങ്ങി. ഒപ്പം മിമിക്രിയിലുടെയും മലയാളത്തിന്റെ മനസില്‍ മണി കുടിയേറി. അനുകരണ കലയ്ക്ക് അധുനികകാലത്ത് പുതുജീവന്‍ നല്‍കിയതിന് കലാഭവന്‍ മണി നല്‍കിയ സംഭാവന വലുതാണ്. മണ്‍മറഞ്ഞതോ പാടിപ്പഴകിയതോ ആയ നാടന്‍ പാട്ടുകള്‍ക്ക് പുതുജീവന്‍ നല്‍കിയതും മണിയുടെ ശബ്ദ മാധുരിയിലൂടെയാണ്.

മലയാളത്തിന് അപ്പുറത്തേക്കും നീളുന്നതാണ് കലാഭവന്‍ മണി എന്ന ഹാസ്യസാമ്രാട്ടിന്റെ കലാജീവിതം. തമിഴ്, തെലുങ്ക് ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ സിനിമകളിലും വില്ലന്‍ വേഷത്തില്‍ ഉള്‍പ്പടെ തിളക്കമാര്‍ന്ന അഭിനയം കാഴ്ചവെച്ചു. കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡ് ട്രൂപ്പിലൂടെ കലാരംഗത്തേക്ക് കടന്നുവന്നു.

കോമഡി വേഷങ്ങളിലൂടെയാണ് കലാഭവന്‍മണി ചലച്ചിത്രലോകത്ത് കടന്നുവരുന്നത്. സാധാരണ വേഷങ്ങളില്‍നിന്നും സഹനടനായും നായകനായും വില്ലനായും വളര്‍ന്നു. നാടന്‍ പാട്ടുകളുടെ അവതരണം തന്നെയാണ് മണിയെ മറ്റ് കലാകാരന്മാരില്‍നിന്ന് വേറിട്ടവനാക്കിയത്. നാടന്‍ പാട്ടുകള്‍ കൊണ്ട് മലയാളിയുടെ ആഘോഷദിനങ്ങളെ മണി എന്നും വ്യത്യസ്തമാക്കി. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി പ്രചരിച്ചിരുന്ന നാടന്‍ പാട്ടുകള്‍ പുതിയ തലമുറയിലെ സിനിമാ സംഗീതത്തിന് വഴിമാറിയത് മണിയിലൂടെയാണ്. മലയാളയുവത്വം നാടന്‍പാട്ടുകള്‍ പാടിത്തുടങ്ങിയതും മണി പാടിയ പാട്ടുകളിലൂടെയായിരുന്നു.

നാടും നാട്ടുകാരും ഓട്ടോയും വിട്ടൊരു ജീവിതം മണിയെന്ന കലാഭവന്‍ മണിക്കില്ലായിരുന്നു. പട്ടിണികിടന്നുവളര്‍ന്ന ഭൂതകാലം പറയാന്‍ മണി മടികാണിച്ചില്ല. ചലച്ചിത്രലോകത്ത് നിന്ന് വിട്ടാല്‍ നാട്ടില്‍ ഓട്ടോ ഓടിച്ച് ജീവിക്കുമെന്ന് മഇ പറഞ്ഞത് ഉറച്ച ശബ്ദത്തോടെയാണ്. ഇല്ലായ്മകളില്‍നിന്ന് വളര്‍ന്ന് മലയാളി മനസ്സിന്റെ യുവത്വത്തിലേക്ക് കുടിയേറിയ മണിക്ക് സാധാരണ ജീവിതമായിരുന്നു എന്നും ഇഷ്ടം. ചാലക്കുടിക്കാരന്‍ എന്നറിയപ്പെടാന്‍ ഇഷ്ടപ്പെട്ട മണി നാട്ടുകാരുടെ പിന്നീട് പ്രിയപ്പെട്ട മണിച്ചേട്ടന്‍ കൂടിയായി.

ഓട്ടോയും നാടന്‍പാട്ടും മിമിക്രിയും ചലച്ചിത്രലോകവും മാത്രമല്ല സമൂഹത്തിന്റെ സര്‍വ മേഖലകളിലും എന്നും സജീവമായിരുന്നു മണി. പൊതുവില്‍ കലാകാരന്‍മാര്‍ വിട്ടുനിന്ന രാഷ്ട്രീയ മേഖലയില്‍ മണി സജീവമായിരുന്നു. തന്റെ ഇടതുമനസ് ലോകത്തിനുമുന്നില്‍ തുറന്നുപറഞ്ഞ മണി ഇടതുപക്ഷത്തിനൊപ്പം സജീവമായിരുന്നു.

അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറുടെ വേഷത്തിലൂടെയാണ് കലാഭവന്‍ മണി ചലച്ചിത്ര ലോകത്തെത്തിയത്. സുന്ദര്‍ദാസ് – ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. സഹനടനായി ശ്രദ്ധ നേടിയ ശേഷം നായക – വില്ലന്‍ വേഷങ്ങളിലേക്ക് മണി ചേക്കേറി. അന്ധഗായകന്റെയും കുടുംബത്തിന്റെയും കഥ പറഞ്ഞ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ മണിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ്. ഇതിലെ അഭിനയത്തിന് ഒരുവേള സംസ്ഥാന പുരസ്‌കാരത്തിന് വരെ പരിഗണിക്കപ്പെട്ടു. വാസന്തിയും ലക്ഷമിയും ഞാനും പോലെ ശ്രദ്ധിക്കപ്പെട്ട കരുമാടിക്കുട്ടന്‍ മണിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട ഏടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News