ങ്യാഹാ…ഹ്…ഹാ….. പൊട്ടിച്ചിരിച്ച, ചിരിപ്പിച്ച ചാലക്കുടിക്കാരന്‍ ചെങ്ങായി

ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്വതസിദ്ധമായ ശൈലിയില്‍ നാടന്‍ പാട്ടുകള്‍ ആലപിച്ച മലയാളിയുടെ പ്രിയതാരമായ മണി. ദാരിദ്രത്തിന്റെ വറുതിയില്‍ നിന്ന് ഓട്ടോക്കാരനായി, മിമിക്രിക്കാരനായി, നാടന്‍ പാട്ടുകാരനായി, ങ്യാഹാ…ഹ്…ഹാ എന്ന ചിരിയിലുടെ തെന്നിന്ത്യയുടെ അഭിമാനതാരമായ മണി. നായകനായും വില്ലനായും സഹതാരമായും പ്രേക്ഷകനെ പിടിച്ചിരുത്തിയ മണി. വിശേഷണങ്ങള്‍ ഏറെയാണ് നാടനായ, വിയര്‍പ്പിന്റെ മണം അറിയാവുന്ന ആ കലാകാരന്.

ചാലക്കുടിക്കാരന്‍ രാമന്റേയും, അമ്മിണിയുടേയും ആറാമത്തെ പുത്രനായി 1971നാണ് മണിയുടെ ജനനം. ദാരിദ്രം നിറഞ്ഞ ചെറുപ്പക്കാലത്തിന്റെ അനുഭവം മാത്രമാണ് മണിയെ മറ്റു ചലച്ചിത്രതാരങ്ങളില്‍ നിന്ന് വിട്ട് നിര്‍ത്തി അയല്‍ക്കാരുടെ സ്വന്തക്കാരനാക്കിയത്. ജീവിതത്തിന്റെ രണ്ടറ്റം തട്ടിമുട്ടിക്കാനും വേണ്ടി ആദ്യമായി ഓട്ടോ ഡ്രൈവറായി വേഷമിട്ടു. പിന്നീട് തെങ്ങുക്കയറ്റം, മണല്‍വാരല്‍, കിണറുകുത്തല്‍… അങ്ങനെ മണി ചെറുപ്പക്കാലം മുതല്‍ തന്നെ ജീവിക്കാന്‍ തുടങ്ങി. ജീവിതം കാണാന്‍ തുടങ്ങി. അതിനിടെയില്‍ പരീക്ഷ ബോര്‍ഡ് തടഞ്ഞുവച്ച് എസ്എസ്എല്‍സി ബുക്ക് വേണ്ടെന്ന് വച്ച് എന്‍സിസി സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ സിഐഎസ്എഫില്‍ ജോലിക്ക് ശ്രമിച്ചു. എന്നാല്‍ പഞ്ചാബിലേക്ക് നിയമനം ലഭിച്ചതിനാല്‍ ഓട്ടോയും തെങ്ങുക്കയറ്റവുമായി മണിയുടെ ജീവിതം മുന്നോട്ട് പോയി. പിന്നീട് കലാഭവനിലേക്ക് ക്ഷണം ലഭിച്ചതോടെ ചാലക്കുടിക്കാരന്‍ മണി, ഇന്നത്തെ കലാഭവന്‍ മണിയായി. കലാഭവനിലെ ജീവിതത്തിനിടെ സിനിമയില്‍ മുഖം കാണിക്കാന്‍ ആഗ്രഹം ഉടലെടുത്തു. ഒരു തമിഴ് സിനിമയില്‍ മുഖം കാണിച്ചു. കിട്ടിയത് 150 രൂപയും വയറുനിറയെ ഭക്ഷണവും. മണിക്ക് അത് മതിയായിരുന്നു. പിന്നീട് സംവിധായകന്‍ അമ്പിളിയുടെ സമുദായം എന്ന ചിത്രത്തില്‍ മാമുക്കോയയുടെ സഹായിയായി വേഷമിട്ടു. അങ്ങനെ മിമിക്രിയും ഓട്ടോ ഓടിക്കലുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ അപ്രതീക്ഷിതമായി ലോഹിതദാസ് കടന്നുവന്നു. അങ്ങനെ സല്ലാപത്തിലെ കള്ളുച്ചെത്തുകാരന്റെ വേഷത്തോടെ മണി സിനിമാക്കാരനായി.

പിന്നീട് തിരിഞ്ഞു നോക്കിയില്ല. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ സഹതാരമായും വില്ലനായും പ്രേക്ഷക ശ്രദ്ധ നേടി. മലയാളിത്തില്‍ വാസന്തിയും ലക്ഷമിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, സമ്മര്‍ ഇന്‍ ബത്‌ലേഹം, തമിഴില്‍ ജെമിനി, എന്തിരന്‍, അന്യന്‍… ആ നിര നീണ്ടതാണ്…

തെന്നിന്ത്യയുടെ നൊമ്പരമായി മണി മാഞ്ഞെങ്കിലും മലയാളിയുടെ മനസിലുണ്ട്. കാലമെത്ര കടന്നുപോയാലും ആ മണി ചിരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here