ധാക്ക: ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ബംഗ്ലാദേശിനെ 8 വിക്കറ്റിന് തോല്‍പ്പിച്ചാണ് ടീം ഇന്ത്യ കിരീടം ചൂടിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റും 7 പന്തുകളും ബാക്കിനില്‍ക്കെ വിജയിച്ചു. 15 ഓവറായി ചുരുക്കിയ മത്സരത്തില്‍ 13.5 ഓവറില്‍ 122 റണ്‍സെടുത്തായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ ഏഷ്യാകപ്പ് കിരീടം ചൂടിയത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തു. 32 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സബ്ബീര്‍ റഹ്മാനാണ് ബംഗ്ലാദേശിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. മധ്യനിര ബാറ്റ്സ്മാന് മഹ്മദുല്ല 33 റണ്‍സെടുത്ത് മധ്യനിരയുടെ മാനം കാത്തു. 21 റണ്‍സെടുത്ത ഷാഖിബ് അല്‍ഹസനും ബംഗ്ലാദേശ് ഇന്നിംഗ്സിന് മികച്ച പിന്തുണ നല്കി. ഓപ്പണര്‍മാരായ തമീം ഇക്ബാല്‍ 13 റണ്‍സും സൗമ്യ സര്‍കാര്‍ 14 റണ്‍സുമെടുത്ത് മാന്യമായ തുടക്കമാണ് ആതിഥേയര്‍ക്ക് നല്‍കിയത്.
മഴമൂലം പരിമിതപ്പെടുത്തിയ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 15 ഓവര്‍ മത്സരത്തില്‍ ബംഗ്ലാദേശിന്റെ 5 വിക്കറ്റുകള്‍ ആണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തിയത്. ആര് അശ്വിന്, ആശിഷ് നെഹ്റ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് സ്കോര്‍ 5ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. സ്വന്തം സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് ചേര്‍ക്കുന്നതിനിടെ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. തുടര്‍ന്ന് കരുതലോടെ കളിച്ച ഇന്ത്യ വിജയം കൈപ്പിടിയില്‍ ഒതുക്കി. അര്‍ദ്ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ ബലത്തിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ശിഖര്‍ ധവാന് 60 റണ്‍സെടുത്തു. 41 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വിരാട് കോഹ്ലി ധവാനൊപ്പം മികച്ച ഇന്നിംഗസ് പുറത്തെടുത്തു. ഇരുവരും ചേര്‍ന്ന് 94 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. നാലാമനായി എത്തിയ മഹേന്ദ്രസിംഗ് ധോണി 20 റണ്‍സെടുത്ത് ഇന്ത്യന്‍ വിജയം ഉറപ്പിച്ചു.
ബംഗ്ലാദേശ് രണ്ടാം തവണയാണ് ഏഷ്യകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ എത്തുന്നത്. 2012ല്‍ കേവലം 2 റണ്‍സിന്റെ തോല്‍വിയാണ് ബംഗ്ലാദേശ് ഏറ്റുവാങ്ങിയത്. എന്നാല്‍ ഇത്തവണ ഇന്ത്യയ്ക്ക് ബംഗ്ലാദേശില്‍നിന്ന് കാര്യമായ ഭീഷണി ഉയര്‍ന്നില്ല. ഇന്ത്യയ്ക്കെതിരെ മികച്ച ബാറ്റിംഗ് കാഴ്ചവെയ്ക്കാനായി. എന്നാല്‍ മികച്ച ബൗളിംഗ് പുറത്തെടുക്കാനായില്ല. ഇന്ത്യന്‍ മുന്‍നിര ബാറ്റ്സ്മാന്മാര് മികച്ച ബാറ്റിംഗ് പുറത്തെടുക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here