ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; വിധാന്‍ പരിഷത്തിലേക്ക് ഒരു സീറ്റില്‍പോലും ജയിച്ചില്ല; എസ് പിക്കു കൂറ്റന്‍ ജയം

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സംപൂജ്യരാക്കി സമാജ് വാദി പാര്‍ട്ടിക്ക് കൂറ്റന്‍ ജയം. 38 സീറ്റില്‍ 31 എണ്ണത്തിലും സമാജ് വാദി പാര്‍ട്ടി ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ വീതം ബിഎസ്പിയും കക്ഷിരഹിതരും ജയിച്ചു. റായ്ബറേലി സീറ്റില്‍ കോണ്‍ഗ്രസിനാണ് ജയം. ഉത്തര്‍പ്രദേശ് നിമയസഭയിലേക്കു നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്നവര്‍ അംഗങ്ങള്‍ വിധാന്‍ സഭയിലും നേരിട്ടല്ലാതെ തെരഞ്ഞെടുക്കുപ്പെടുന്നവര്‍ അംഗങ്ങള്‍ വിധാന്‍ പരിഷത്തിലുമാണ് ഉള്‍ക്കൊള്ളുന്നത്.

മുലായം സിംഗ് യാദവിന്റെ അടുത്ത ബന്ധു അരവിന്ദ് യാദവ് അടക്കം എസ്പിയിലെ പല അംഗങ്ങളും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിതാപുരില്‍നിന്ന് ആനന്ദ് ബദോരിയ, ലഖ്‌നൗ-ഉന്നാവോയില്‍നിന്ന് സുനില്‍സിംഗ് യാദവ്, ബസ്തിയില്‍ സന്തോഷ് യാദവ് സണ്ണി, എറ്റാവയില്‍ പുഷ്പരാജ് ജെയിന്‍ എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

നൂറംഗ വിധാന്‍ പരിഷത്തിലേക്ക് തദ്ദേശഭരണ സ്ഥാപന പ്രതിനിധികളാണ് ഈ മുപ്പത്താറ് അംഗങ്ങളെ തെരഞ്ഞെടുത്തത്. 10 അംഗങ്ങളെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുകയാണു ചെയ്യുന്നത്. 38 പേരെ എംഎല്‍എമാര്‍ ചേര്‍ന്നു തെരഞ്ഞെടുക്കും. എട്ടുപേരെ തെരഞ്ഞെടുക്കാന്‍ സംസ്ഥാനത്തെ അധ്യാപകര്‍ക്കും എട്ടു പേരെ തെരഞ്ഞെടുക്കാന്‍ സംസ്ഥാനത്തെ ബിരുദധാരികള്‍ക്കുമാണ് അവസരമുള്ളത്.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയെങ്കിലും പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ കനത്ത തിരിച്ചടി നേരിടുകയും ചെയതിരുന്നു. അതിനു പിന്നാലെയാണ് വിധാന്‍ പരിഷത്ത് തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയുണ്ടാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here