മണിയുടെ മരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു; മണിക്കൊപ്പം ഔട്ട് ഹൗസിലുണ്ടായിരുന്ന ജാഫര്‍ ഇടുക്കിയുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമ്പ് മണി തളര്‍ന്ന് വീണ ഔട്ട് ഹൗസ് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. അന്നേ ദിവസം മണിക്കൊപ്പം ഔട്ട് ഹൗസിലുണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കിയുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ആരോഗ്യനില വഷളാകും മുന്‍പുള്ള മണിയുടെ മാനസികാവസ്ഥ എന്താണെന്ന് അറിയാനാണ് ഇവരുടെ മൊഴി എടുത്തതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ചാലക്കുടിയിലെ ഔട്ട്ഹൗസില്‍ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. കരള്‍രോഗത്തിനുള്ള മരുന്നുകളും ഒഴിഞ്ഞ മദ്യക്കുപ്പികളും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഡിവൈഎസ്പി(അഡ്മിന്‍) സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന സഹോദരന്‍ രാമകൃഷ്ണന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമുണ്ടെന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു മെഡിക്കല്‍ റിപ്പോര്‍ട്ടും പുറത്തുവന്ന ശേഷം ഇക്കാര്യം സംബന്ധിച്ച് പ്രതികരിക്കാമെന്ന് തൃശൂര്‍ റൂറല്‍ എസ്പി കാര്‍ത്തിക് പറഞ്ഞു.

രണ്ടു ദിവസം മുന്‍പാണ് അവശനിലയിലായിരുന്ന മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നിലഗുരുതരമായതോടെ ഇന്നലെ വൈകുന്നേരത്തോടെ മണിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രാത്രി 7.15 ഓടെയാണ് മരണം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here