രക്ഷിക്കണം എന്ന് കാല് പിടിച്ച് പറഞ്ഞിട്ടും സ്മൃതി ഇറാനി കണ്ടഭാവം നടിച്ചില്ല; കേന്ദ്രമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കാറിടിച്ച് മരിച്ച ഡോക്ടറുടെ മക്കള്‍; എല്ലാ സഹായവും ചെയ്തുവെന്ന മന്ത്രിയുടെ ട്വീറ്റും വ്യാജം

ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി മന്ത്രിയുടെ വാഹനമിടിച്ച് മരിച്ച ഡോക്ടറുടെ മകള്‍. രക്ഷിക്കണം എന്ന് കാല് പിടിച്ച് പറഞ്ഞിട്ടും മന്ത്രി സ്മൃതി ഇറാനി കണ്ടഭാവം നടിച്ചില്ലെന്ന് ഡോക്ടറുടെ മകള്‍ സന്ദിലി പറയുന്നു. കേന്ദ്രമന്ത്രിയോട് സന്ദിലി സഹായം അപേക്ഷിച്ചുവെന്നും എന്നാല്‍ സഹായിച്ചില്ലെന്നും ഡോക്ടറുടെ മകന്‍ അഭിഷേകും പറയുന്നു. യമുന എക്‌സ്പ്രസ് വേയില്‍ വാഹനവ്യൂഹം ഇടിച്ച് പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും ചെയ്‌തെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാദമാണ് ഇതോടെ കള്ളമെന്ന് തെളിയുന്നത്.

അപകടത്തില്‍ മരണപ്പെട്ട ഡോക്ടറുടെ മക്കളാണ് സന്ദിലിയും അഭിഷേകും. ഇരുവരുമാണ് സ്മൃതി ഇറാനിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. അപകടത്തെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണപ്പോള്‍ കാറില്‍ നിന്നും സ്മൃതി ഇറാനി പുറത്തിറങ്ങി. അച്ഛനെ രക്ഷിക്കണമെന്ന അപേക്ഷയുമായി അവരുടെ കാല് പിടിച്ചു. എന്നാല്‍ സ്മൃതി ഇറാനി തങ്ങളെ ശ്രദ്ധിക്കുകപോലും ചെയ്യാതെ അടുത്തുള്ള മറ്റൊരു വാഹനത്തില്‍ കയറിപോകുകയായിരുന്നെന്നും മകള്‍ സന്ദിലി വ്യക്തമാക്കുന്നു.

നോയിഡ എക്‌സ്പ്രസ് വേയില്‍ സ്മൃതി ഇറാനിയുടെ വാഹനവ്യൂഹം ഇടിച്ച് ശനിയാഴ്ച രാത്രിയാണ് ഡോക്ടറായ രമേഷ് നാഗര്‍ കൊല്ലപ്പെട്ടത്. അപകടം നടക്കുമ്പോള്‍ സന്ദിലിയും ബന്ധുവായ പങ്കജും രമേഷിനൊപ്പം ബൈക്കിലുണ്ടായിരുന്നു. അച്ഛനുമായി ബൈക്കില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു താനെന്നും, വളരെ പതുക്കെ ഓടിച്ചിരുന്ന തങ്ങളുടെ നേരെ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചു കയറുകയായിരുന്നെന്നും സന്ദിലി പറഞ്ഞു. കൈകള്‍ കൂപ്പിയായിരുന്നു തന്റെ സഹോദരി സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ മന്ത്രി സ്മൃതി ഇറാനി അത് കണ്ടഭാവം പോലും നടിച്ചില്ല. മാനുഷിക പരിഗണന വച്ച് അച്ഛനെ രക്ഷിക്കാനാണ് ശ്രമിക്കേണ്ടിയിരുന്നതെന്നും സഹോദരന്‍ അഭിഷേകും വ്യക്തമാക്കുന്നു.

നോയിഡയില്‍ അപകടത്തില്‍ പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും മറ്റൊരു കുടുംബവും ഇതിന് അതിനായി സഹായിച്ചു എന്നുമായിരുന്നു സ്മൃതി ഇറാനിയുടെ ട്വീറ്റ്. അപകടത്തില്‍ തനിക്ക് ഒന്നും പറ്റിയിട്ടില്ല എന്നും അന്വേഷിച്ചവര്‍ക്ക് നന്ദി എന്നുമായിരുന്നു സ്മൃതി ഇറാനിയുടെ ആദ്യ ട്വീറ്റ്. നോയിഡയിലെ വാഹനാപകടത്തില്‍ എല്ലാ സഹായവും ചെയ്തുവെന്ന കേന്ദ്രമന്ത്രിയുടെ ട്വീറ്റ് ഇതോടെ വ്യാജമെന്ന് തെളിയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News