വനിതകളെ പരിഗണിക്കാത്ത ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി വനിതാ ലീഗ്; സീറ്റ് നിഷേധം സാമൂഹിക നീതിയുടെ നിഷേധമെന്ന് നൂര്‍ബിന റഷീദ്

കോഴിക്കോട്: വനിതകള്‍ക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കാതെ പറ്റിക്കുന്ന മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ ലീഗ്. സ്ത്രീകള്‍ക്ക് സീറ്റ് നിഷേധിക്കുന്നത് സാമൂഹിക നീതിയുടെ നിഷേധമാണെന്ന് വനിതാ ലീഗ് അഖിലേന്ത്യാ ജനറല്‍സെക്രട്ടറി അഡ്വ. നൂര്‍ബിനാ റഷീദ് തുറന്നടിച്ചു. വനിതകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിയമസഭയിലേക്ക് ഒരു വനിതാ പ്രതിനിധിയെ പോലും ലീഗിന് വേണ്ടേയെന്നും നൂര്‍ബിനാ റഷീദ് ചോദിക്കുന്നു.

സ്ത്രീകള്‍ക്ക് സീറ്റ് നല്‍കാത്ത നിലപാട് നേതൃത്വത്തിന് തിരുത്തേണ്ടി വരുമെന്നും നൂര്‍ബിന റഷീദ് പറഞ്ഞു. സംവരണം ഉണ്ടെങ്കില്‍ മാത്രമേ സീറ്റുള്ളൂവെന്ന നിലപാട് ശരിയല്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനറല്‍സീറ്റുകളില്‍ സ്ത്രീകള്‍ വിജയിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്നുണ്ട്. വനിതാ ലീഗിനെ വോട്ടുബാങ്കായി മാത്രമാണ് നേതൃത്വം കാണുന്നത്. 1996ലായിരുന്നു വനിതാ ലീഗിന് ആദ്യമായും അവസാനമായും ലീഗ് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. കോഴിക്കോട് സൗത്തില്‍ മത്സരിച്ച അഡ്വ. ഖമറുന്നീസ അന്‍വര്‍ തോറ്റു. പിന്നീടൊരിക്കലും വനിതകള്‍ക്ക് സീറ്റ് നല്‍കിയിട്ടുമില്ല എന്നാണ് വനിതാ ലീഗിനുള്ളില്‍നിന്ന് തന്നെ ഉയരുന്ന വിമര്‍ശനമെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.

എല്ലാ തെരഞ്ഞെടുപ്പ് സമയങ്ങളിലും ഇത്തരം പ്രതിഷേധങ്ങള്‍ വനിതാ നേതാക്കള്‍ ഉയര്‍ത്താറുണ്ട്. എങ്കിലും ഇതിനെ അവഗണിക്കുകയാണ് ലീഗ് നേതൃത്വം ചെയ്യാറുള്ളത്. ലീഗിന് പിന്തുണ നല്‍കുന്ന മതസംഘടനകളുടെ എതിര്‍പ്പാണ് ഇത്തരത്തില്‍ വനിതകളെ തഴയാന്‍ കാരണമാകുന്നത്. നവംബറില്‍ എറണാകുളത്ത് നടന്ന വനിതാലീഗ് പ്രഥമദേശീയ സമ്മേളനത്തില്‍ വനിതകള്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്നും കാലഘട്ടം അതാവശ്യപ്പെടുന്നുണ്ടെന്നും ഹൈദരലി തങ്ങള്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്നത്തെയും പോലെ പ്രസംഗിച്ചത് മറക്കുകയാണ് ലീഗ് നേതാക്കള്‍ ചെയ്യുന്നത് എന്നും വനിതാ ലീഗ് അഖിലേന്ത്യാ ജനറല്‍സെക്രട്ടറി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News