ഇല്ലാ ഇല്ല മരിക്കുന്നില്ല, ഞങ്ങടെ മണി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ; മണിമുത്തിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

ചാലക്കുടി: കലാഭവന്‍ മണി ഇനി ഓര്‍മ്മ. അന്തരിച്ച കലാകാരന് ജന്മനാട് കണ്ണീരോടെ വിടനല്‍കി. വൈകിട്ട് 5.30ഓടെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. പൂര്‍ണ്ണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയാണ് കലാഭവന്‍ മണിക്ക് കേരളം വിടനല്‍കിയത്. അവസാന നിമിഷവും ഒരുനോക്ക് കാണാന്‍ ആയിരക്കണക്കിന് പേരാണ് ചാലക്കുടിയിലെ വീട്ടുവളപ്പില്‍ എത്തിയത്. സന്ധ്യയ്ക്ക് മുമ്പ് സംസ്‌കരിക്കണം എന്ന് തീരുമാനിച്ചതിനാല്‍ നിരവധി പേര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായില്ല.

ഇല്ലാ ഇല്ല മരിക്കുന്നില്ല, ഞങ്ങടെ മണി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യം നിറഞ്ഞുനിന്ന അന്തരീക്ഷത്തിലാണ് മണിക്ക് ചാലക്കുടി വിട നല്‍കിയത്. ഇന്‍ക്വിലാബ് വിളികളോടെയാണ് പ്രിയപ്പെട്ട താരത്തിന് നാട് വിട ചൊല്ലിയത്. രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മണി പഠിച്ച ഗവ. ബോയ്‌സ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് സംഗീതനാടക അക്കാദമിയിലും ചാലക്കുടി ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. ചലച്ചിത്ര – രാഷ്ട്രീയ -സാംസ്‌കാരിക മേഖലകളിലെ നിരവധി പേര്‍ മണിക്ക് വിടനല്‍കാനെത്തി.

കലാഭവന്‍ മണിയോടുള്ള ആദര സൂചകമായി ചാലക്കുടിയില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഹര്‍ത്താലിനോട് അനുബന്ധിച്ച് ചാലക്കുടി ടൗണിലെ കടകള്‍ വൈകിട്ട് ആറ് മണി വരെ അടച്ചിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here