മെത്രാന്‍കായല്‍ നികത്തല്‍: ഉമ്മന്‍ചാണ്ടി പറഞ്ഞത് തെറ്റ്; നികത്താന്‍ അനുമതി നല്‍കിയത് യുഡിഎഫ് തന്നെ; എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല എന്ന് രേഖകള്‍

തിരുവനന്തപുരം: മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റ്. കായല്‍ നികത്താന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. ടൂറിസം പദ്ധതിക്കായി 25 ഏക്കര്‍ കായല്‍ നികത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. പദ്ധതി നിര്‍ദ്ദേശം എല്‍ഡിഎഫ് സര്‍ക്കാര്‍ അന്നുതന്നെ തള്ളുകയും ചെയ്തു. പദ്ധതി തണ്ണീര്‍ത്തട നിയമത്തിന് വിരുദ്ധമാണ് എന്ന് കാട്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നിഷേധിച്ചത്.

ടൂറിസം പദ്ധതിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെങ്കില്‍ പദ്ധതിയുമായി സ്വകാര്യ കമ്പനിക്ക് മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നു. എന്നാല്‍ അനുമതി നല്‍കാത്തതിനാല്‍ കമ്പനിക്ക് പദ്ധതിയില്‍നിന്ന് പിന്തിരിയേണ്ടിവന്നു. കഴിഞ്ഞദിവസം ചേര്‍ന്ന യുഡിഎഫ് സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗമാണ് കായല്‍ നികത്താന്‍ അനുമതി നല്‍കിയത്. റവന്യൂവകുപ്പ് ആണ് ഇതിന് പിന്നില്‍ ചരടുവലിച്ചത് എന്നും വ്യക്തമായിരുന്നു. തീരുമാനം വിവാദമായതോടെ കെപിസിസി നേതൃത്വം തന്നെ വിഷയത്തില്‍ ഇടപെട്ടു. തീരുമാനം അടുത്ത മന്ത്രിസഭാ യോഗം പിന്‍വലിക്കുകയും ചെയ്യും.

മെത്രാന്‍ കായല്‍ നികത്താനുള്ള അനുമതി നല്‍കിയത് യുഡിഎഫ് സര്‍ക്കാര്‍ എന്ന് വ്യക്തമാണ്. എന്നിട്ടും വിഷയം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മേല്‍ പഴിചാരാനാണ് മുഖ്യമന്ത്ര ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിരോധത്തിലായ യുഡിഎഫ് ഇതില്‍നിന്ന് രക്ഷപെടാനാണ് എല്‍ഡിഎഫിനുമേല്‍ പഴിചാരിയത്. എന്നാല്‍ മന്ത്രിസഭാ തീരുമാനം റദ്ദാക്കണം എന്ന് കെപിസിസി അധ്യക്ഷന്‍ തന്നെ നിര്‍ദ്ദേശം നല്‍കിയതോടെ മുഖ്യമന്ത്രി തന്നെ വെട്ടിലായി. ഇതാണ് ആരോപണം എല്‍ഡിഎഫിനുമേല്‍ വഴിതിരിച്ചുവിടാനുള്ള കാരണവും.

മെത്രാന്‍ കായല്‍ നികത്തിയാല്‍ പരിസ്ഥിതിയെ ബാധിക്കുമെന്ന് അന്ന് തന്നെ നിലപാട് എടുത്തിരുന്നുവെന്ന് മുന്‍ എംഎല്‍എ വിഎന്‍ വാസവന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കി എന്നത് മുഖ്യമന്ത്ര ഉമ്മന്‍ചാണ്ടിയുടെ വ്യാജപ്രചരണമാണ്. യുഡിഎഫും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വകുപ്പ് മന്ത്രിയും നടത്തുന്ന കൊള്ളയുടെ ഭാഗമാണ് കായല്‍ നികത്താനുള്ള ഉത്തരവ്. യുഡിഎഫ് ആസൂത്രിതമായി വ്യാജപ്രചരണം നടത്തുകയാണ് എന്നും വിഎന്‍ വാസവന്‍ പറഞ്ഞു. മെത്രാന്‍ കായല്‍ നികത്താന്‍ എല്‍ഡിഎഫ് അനുവദിക്കില്ല എന്നും വിഎന്‍ വാസവന്‍ പീപ്പിളിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News