ബംഗാളില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടികയുമായി ഇടതുപക്ഷം; സൂര്യകാന്ത് മിശ്രയും ജ്യോതിര്‍മയി സിക്ദറും ഉള്‍പ്പടെയുള്ള പ്രമുഖര്‍ മത്സരിക്കും; 116 അംഗ പട്ടികയില്‍ 16 വനിതകള്‍; 68 പുതുമുഖങ്ങള്‍

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ഇടതുപക്ഷം. 116 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇടതുമുന്നണി പുറത്തിറക്കിയത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവും എംപിയുമായിരുന്ന ജ്യോതിര്‍മയി സിക്ദര്‍ അടക്കം 16 വനിതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇടത് സ്ഥാനാര്‍ത്ഥി പട്ടിക. 25 പേര്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ ഉള്‍പ്പെടുന്നവരാണ്. പട്ടികയില്‍ 68 പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയെന്നും പട്ടിക പുറത്തിറക്കി ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയും മുന്‍ എംപി കൂടിയായ ജ്യോതിര്‍മയി സിക്ദറുമാണ് ഇടതുപട്ടികയിലെ പ്രമുഖര്‍. പടിഞ്ഞാറന്‍ മിഡ്‌നാപ്പൂര്‍ ജില്ലയിലെ നാരായണ്‍ഗഡില്‍ നിന്നാണ് സൂര്യകാന്ത് മിശ്ര ജനവിധി തേടുന്നത്. നാദിയ ജില്ലയിലെ റാണാഘട്ടില്‍നിന്നാണ് ജ്യോതിര്‍മയി സിക്ദര്‍ മത്സരിക്കുന്നത്. സിപിഐഎം, സിപിഐ, ഫോര്‍വേഡ് ബ്ലോക് സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ട പട്ടികയാണ് ഇടതുമുന്നണി പുറത്തിറക്കിയത്.

ഏപ്രില്‍ നാലിനും 11നുമാണ് ബംഗാളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഇതിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തിറക്കിയത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണകളുണ്ട് എന്ന വാദം ബിമന്‍ ബോസ് നിഷേധിച്ചു. എന്നാല്‍ തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ശ്രദ്ധിക്കും. കോണ്‍ഗ്രസുമായി മുന്നണി ബന്ധമോ ധാരണയോ ഇല്ലെന്നും ബിമന്‍ ബോസ് പറഞ്ഞു. ഇടതുമുന്നണിയിലേക്ക് കൂടുതല്‍ കക്ഷികള്‍ വന്നിട്ടുണ്ട്. എന്‍സിപിയും ജനതാദള്‍ യുണൈറ്റഡും ഉള്‍പ്പടെയുള്ള കക്ഷികള്‍ ഇടതുമുന്നണിക്ക് ഒപ്പമുണ്ട്. കൂടുതല്‍ കക്ഷികള്‍ ഇടതുമുന്നണിക്ക് ഒപ്പം ചേരുമെന്നും ബിമന്‍ ബോസ് പറഞ്ഞു.

തൃണമൂലിനെ പുറത്താക്കൂ, ബംഗാളിനെ രക്ഷിക്കൂ, ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നതാണ് ഇടതുപക്ഷത്തിന്റെ മുദ്രാവാക്യം. സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ ചുറ്റികയ്ക്ക് പകരം കൈ ചേര്‍ത്തുവച്ച് നടത്തുന്ന പ്രചരണങ്ങലെയും ബോസ് വിമര്‍ശിച്ചു. അരിവാള്‍ ചുറ്റിക നക്ഷത്രം അരിവാള്‍ ചുറ്റിക നക്ഷത്രവും കൈ കൈയുമാണെന്നും ബോസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News