ബുദ്ധിയുള്ളവരുടെ പൊതുസാമ്യമെന്ത്; വ്യത്യസ്ത പഠനങ്ങളില്‍ തെളിഞ്ഞത് ഒരേ ഫലം

ലണ്ടന്‍: ബുദ്ധി കൂടുതല്‍ ഉള്ളവര്‍ക്ക് എന്തെങ്കിലും പൊതുസാമ്യമുണ്ടോ. ഇല്ലെന്നാണ് ഉത്തരമെങ്കില്‍ തെറ്റി. എന്തു സാമ്യം എന്ന് ചിന്തിച്ച് തല പുകയ്‌ക്കേണ്ട. ബുദ്ധി കൂടുതലുള്ളവര്‍ വൈകി ഉറങ്ങുന്നവരാണ് എന്നാണ് വ്യത്യസ്ത പഠനങ്ങള്‍ തെളിയിക്കുന്നത്.

ഐക്യു കുറവുള്ളവരെയും സാധാരണ ഐക്യു ഉള്ളവരെയും ഐക്യു കൂടിയവരെയും വച്ചാണ് പഠനം നടത്തിയത്. യുവാക്കള്‍ക്കിടയിലായിരുന്നു പഠനം. പ്രവര്‍ത്തി ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉറങ്ങുന്ന സമയമാണ് പഠനത്തിന് ആധാരമായി എടുത്തത്. ഐക്യു കൂടിയവരെയും ഏറ്റവും കുറഞ്ഞവരെയുമാണ് താരതമ്യപ്പെടുത്തിയത്. എല്ലാവരും ഉറങ്ങുമ്പോള്‍ ബുദ്ധിയുള്ളവര്‍ ഉണര്‍ന്നിരിക്കും. എല്ലാവരും ഉണര്‍ന്നിരിക്കുമ്പോള്‍ ബുദ്ധിയുള്ളവര്‍ ഉറങ്ങുകയും ചെയ്യും. പഠനത്തില്‍ പുറത്തുവന്ന കൗതുകകരമായ വസ്തുത ഇതാണ്.

75ല്‍ കുറഞ്ഞവരെയാണ് കുറഞ്ഞ ഐക്യു ഉള്ളവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ശരാശരി രാത്രി 11.41ന് ഉറങ്ങും. രാവിലെ 7.20ന് ഉറക്കം എഴുന്നേല്‍ക്കും. അവധി ദിവസങ്ങളില്‍ ആണെങ്കില്‍ ഉറങ്ങാന്‍ കിടക്കുന്നത് കുറച്ചുകൂടി വൈകും. 12.35നാണ് ശരാശരി ഉറങ്ങുന്ന സമയം. എഴുന്നേല്‍ക്കുന്നതാകട്ടെ രാവിലെ 10.09നും.

90 മുതല്‍ 110 വരെ ഐക്യു ഉള്ളവരെയാണ് സാധാരണ ഐക്യു ഗണത്തില്‍ ഉള്‍പ്പെടുത്തിയത്. സാധാരണ ഐക്യു ഉള്ളവരില്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്ന സമയം കുറച്ചുകൂടി വൈകും. പ്രവര്‍ത്തി ദിനങ്ങളില്‍ ഇത് രാത്ര 12.10 ആണ് സമയം. എഴുന്നേല്‍ക്കുന്നതാകട്ടെ 7.32നും. അവധി ദിനങ്ങളില്‍ ഉറങ്ങുന്ന ശരാശരി സമയം രാത്രി 1.13ഉം എഴുന്നേല്‍ക്കുന്നത് രാവിലെ 10.14നും ആയിരിക്കും.

125ന് മുകളില്‍ ഐക്യു ഉള്ളവരെയാണ് മികച്ചവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ പ്രവര്‍ത്തി ദിനങ്ങളില്‍ ഉറങ്ങുന്ന ശരാശരി സമയം രാത്രി 12.29ന് ആണ്. കിടക്കവിട്ട് എഴുന്നേല്‍ക്കുന്നത് മറ്റുള്ളവരെക്കാള്‍ വൈകിയും. രാവിലെ 7.52 ആണ് ശരാശരി സമയം. അവധി ദിനങ്ങള്‍ ആണെങ്കില്‍ ഉറങ്ങുന്ന സമയം ഇനിയും ഏറെനീളും. രാത്രി 1.44ന് ഉറങ്ങുന്ന യുവത്വം ഉറക്കം എഴുന്നേല്‍ക്കുന്നത് ഉച്ചയോടെയാണ്. 11.07 ആണ് ശരാശരി കിടക്ക വിട്ട് എഴുന്നേല്‍ക്കുന്ന സമയം.

ബുദ്ധിയുള്ളവര്‍ തമ്മിലുള്ള സാമ്യവും ബുദ്ധി കുറവുള്ളവരുമായുള്ള വ്യത്യാസവും ഇതാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് ആന്‍സ് പൊളിറ്റിക്കല്‍ സയന്‍സിലെ സൈക്കോളജിസ്റ്റായ സതോഷി കനസാവ പറയുന്നു. പഠന റിപ്പോര്‍ട്ട് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിന്റെ സ്റ്റഡി മാഗസിനിലാണ് പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here