ലോക സാംസ്‌കാരികോത്സവത്തില്‍ നിന്നു രാഷ്ട്രപതി പിന്‍മാറി; ശ്രീ ശ്രീ രവിശങ്കറിന് വേണ്ടി കരസേനയുടെ പാലം പണി തുടരുന്നു; പരിപാടിയില്‍ മാറ്റമില്ലെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ്

ദില്ലി: ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലോക സാംസ്‌കാരികോത്സവത്തില്‍ നിന്നു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പിന്‍മാറി. ചടങ്ങില്‍ പങ്കെടുക്കാന്‍ ചില അസൗകര്യങ്ങള്‍ ഉണ്ടെന്ന് രാഷ്ട്രപതിയുടെ ഓഫീസ് ആര്‍ട്ട് ഓഫ് ലിവിംഗിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 11 മുതല്‍ 13 വരെയാണ് യമുനാ തീരത്താണ് സാംസ്‌കാരിക ഉത്സവം സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ രംഗസജ്ജീകരണത്തിനായി യമുനാ തീരം നശിപ്പിച്ച് താത്കാലിക നിര്‍മാണം നടത്തിയതിന് ആര്‍ട്ട് ഓഫ് ലിവിംഗിന് 120 കോടി രൂപ പിഴയിടാന്‍ ഹരിത ട്രൈബ്യൂണല്‍ പാനല്‍ കഴിഞ്ഞ ദിവസം ശിപാര്‍ശ ചെയ്തിരുന്നു. വേദിയൊരുക്കാനായി യമുന നദി തടം മലിനമാക്കുകയും മരങ്ങളടക്കം വെട്ടി നശിപ്പിക്കുകയും ചെയ്തതിനാണ് പിഴ. ആയിരം ഏക്കറിലധികം വരുന്ന സ്ഥലത്താണ് വേദിയൊരുക്കിയിരിക്കുന്നത്. തീരത്ത് 40 അടി ഉയരത്തിലുള്ള ബഹുനില വേദിയും കാബിനുകളും തമ്പുകളും പാര്‍ക്കിംഗ് സ്ഥലവുമാണ് ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതിക്ക് ദോഷമാകുന്ന വിധം തീരത്തിന്റെ ഘടനമാറ്റിയാണ് വേദി ഒരുക്കിയിരിക്കുന്നത്. തീരത്തെ ചെറിയ വെള്ളക്കെട്ടുകള്‍ മണ്ണിട്ട് നികത്തിയതായും പച്ചപ്പുകള്‍ നശിപ്പിച്ചതായും ഇത് ജീവികളുടെയും പക്ഷികളുടെയും ആവാസ വ്യവസ്ഥ ഇല്ലാതാക്കിയെന്നും ട്രിബ്യൂണല്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 35 ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇത്രയും ജനങ്ങള്‍ ഒരു പ്രദേശത്ത് സമ്മേളിക്കുമ്പോള്‍ ഭൂമിയിലുണ്ടാകുന്ന രണ്ട് ലക്ഷത്തിലധികം ടണ്‍ ഭാരം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു ചൂണ്ടിക്കാണിച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ മനോജ് മിശ്ര ആണ് ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. പരിപാടി റദ്ദ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം സംബന്ധിച്ച് നാളെ വിധിയുണ്ടാകുമെന്നാണ് സൂചനകള്‍.

എങ്കിലും പരിപാടിയില്‍ മാറ്റമുണ്ടാകില്ലെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രപതിയുടെ പിന്‍മാറ്റം. പരിപാടി സംഘടിപ്പിക്കുന്നതിനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ രണ്ടു പാലങ്ങളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News